മുംബൈ: ഇന്ത്യയുടെ ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമില്‍നിന്നും ധോണിക്ക് വിശ്രമം അനുവദിച്ചതാണെന്ന വാദം തെറ്റാണെന്നും മറിച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി സെലക്ഷന് കമ്മിറ്റി ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കമ്മിറ്റിയുടെ തീരുമാനം 2020ല്‍ ആസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ധോണിക്കു പകരക്കാരനെ കണ്ടെത്താനാണ് സെലക്ഷന്. ട്വന്റി20 ലോകകപ്പ് വരെ ധോണി കരിയര്‍ നീട്ടില്ലെന്ന് കണക്ക് കൂട്ടിയ സെലക്ടര്‍മാര്‍ ടീം മാനേജ്മെന്റ് മുഖേന താരവുമായി ബന്ധപ്പെട്ടിരുന്നു.
ഇപ്പോള്‍ ട്വന്റി 20യില്‍ ധോണി യുഗം അവസാനിച്ചെന്ന സൂചനകളാണ് ലഭിക്കുന്നത്. ഏകദിനത്തില്‍ തുടരുന്ന കാര്യം സെലക്ടര്‍മാര്‍ ധോണിക്കു തന്നെ വിട്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ ധോണി ക്രിക്കറ്റ് വിടും. എന്നാല്‍ ലോകകപ്പ് വരെ ധോണിയെ ടീമിന് വേണമെന്ന പക്ഷക്കാരാണ് സെലക്ഷന് കമ്മിറ്റി. ബാറ്റില്‍ പരാജയപ്പെടുമ്പോള്‍ വിക്കറ്റിനു പിന്നില്‍ ഓരോ മല്‍സരം കഴിയുന്തോറും അപാര ഫോമിലേക്കുയരുകയാണ് ധോണി.