ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം കേദാര്‍ ജാദവ് തന്നെ വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
ടീമില്‍ നിന്ന് ഒഴിവാക്കിയത് അറിയിച്ചിട്ടില്ലെന്ന് പറഞ്ഞ ജാദവ് എന്തുകൊണ്ട് ടീമിലെടുത്തില്ല എന്നതിന്റെ കാരണമറിയണമെന്നും വ്യക്തമാക്കിയിരുന്നു. തന്നെ ഒഴിവാക്കി എന്ത് പദ്ധതിയാണ് ടീം ആലോചിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാകപ്പ് ഫൈനലിനിടെ പരിക്കേറ്റ ജാദവ് ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ എയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജാദവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് മുന്‍കാല പരിക്കുകള്‍ കാരണമാണ് എന്നാണ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് പ്രതികരിച്ചത്. ജാദവിന്റെ പരിക്കുകളെ കുറിച്ച് ആശങ്കയുണ്ടെന്നും പരിക്കുമാറി തിരിച്ചെത്തിയ ശേഷം ജാദവ് വീണ്ടും പരിക്കിന്റെ പിടിയിലായ സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ താരങ്ങള്‍ മനസിലാക്കണമെന്നും ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നതിന് മുന്‍പ് കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഫോമും ഫിറ്റ്നസും തെളിയിക്കണമെന്നും പ്രസാദ് സൂചിപ്പിച്ചു.
ജാദവ് പ്രധാനമായും ഉയര്‍ത്തുന്ന വിമര്ശനംടീമില് നിന്ന് പുറത്താക്കുമ്പോള്‍ അറിയിച്ചില്ല എന്നതാണ്. നേരത്തെ മുരളി വിജയും കരുണ്‍ നായരും ഇതേ കാര്യം പറഞ്ഞിരുന്നു.