മുംബൈ: വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ ഇല്ല. പകരം ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭൂംറയും ടീമില്‍ തിരിച്ചെത്തി. ഷമിക്ക് വിനയായത് ആദ്യ രണ്ട് ഏകദിനങ്ങളിലെ മോശപ്പെട്ട പ്രകടനമാണ്.
അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനം ടൈയില്‍ കലാശിച്ചു.
മൂന്നാം ഏകദിനം ഒക്ടോബര്‍ 27ന് പുണെയിലാണ്. നാലാം ഏകദിനം 29ന് മുംബൈയിലും അവസാന ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്തുമാണ് നടക്കുക.