കൊല്ലം: രണ്ടാനമ്മയുടെ ക്രൂരതയുടെ മുറിപ്പാടുകള്‍ ഉണങ്ങിയപ്പോള്‍ തന്റെ പ്രിയപ്പെട്ട അധ്യാപികയെ ‘ അമ്മയെ’ കാണാന്‍ ആദിത്യമോള്‍ എത്തി. കൊല്ലത്ത് കഴിഞ്ഞ മാസമാണ് രണ്ടാനമ്മ രണ്ടുവയസുകാരിയെ ചട്ടുകം വച്ച് പൊള്ളളേല്പ്പിച്ചത്. സ്കൂളിലെ അധ്യാപികയായ രാജി വഴി സംഭവം പുറം ലോകം അറിഞ്ഞതോടെ സ്കൂള്‍ അധികൃതര്‍ അധ്യാപികയെ പിരിച്ചുവിട്ടിരുന്നു.
രാജി തന്നെയാണ് ആദിത്യ തന്നെ കാണാനെത്തിയ സന്തോഷം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ”എന്നെ തോല്പിച്ചു എന്ന് വിചാരിക്കുന്ന ചിലരെങ്കിലും കാണും. പക്ഷേ തോറ്റത് ഞാനല്ല. ദേ… ഇവളുടെ മുഖത്ത് കാണുന്ന ചിരിയും സന്തോഷവും മാത്രം മതിയെനിക്ക്” രാജി ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്കൂളിന് അപമാനമായി എന്ന് കാരണം പറഞ്ഞ് ടീച്ചറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകയാണ് സ്കൂള്‍ അധികൃതര്‍ ചെയ്തത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്കെതിരെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കേസെടുത്തിരുന്നു.