കോട്ടയം: കോട്ടയത്ത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന് പൊട്ടക്കിണറ്റിലി
ട്ടെന്ന് പോലീസിനോട് വെളിപ്പെടുത്തി യുവതി. സംഭവത്തില്‍ പ്രതികളെന്ന് സംശയിച്ച് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു. ഇരുവരും കുറ്റം സമ്മതിച്ചെങ്കിലും പൊട്ടക്കിണറ്റില്‍ പത്ത് മണിക്കൂര്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നഗരത്തിലെ ലൈംഗികതൊഴിലാളിയായ യുവതി വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസിനു മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ് – 49), സുഹൃത്ത് കുമരകം പള്ളിപ്പുറത്ത് ശേരിയില്‍ സഞ്ജയന് (40) എന്നിവര്‍ ചേര്‍ന്ന് നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കൊച്ചുമോനെ തല്ലിക്കൊന്ന് തിരുനക്കര അനശ്വര തീയേറ്ററിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ തള്ളിയെന്നായിരുന്നു മൊഴി.
തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പരുത്തുംപാറയില്‍ നിന്ന് രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞുമോനെ കമ്പിവടിയ്ക്ക് അടിച്ചു വീഴ്ത്തി കൈകാലുകള്‍ തല്ലിയൊടിച്ച് കിണറ്റില്‍ തള്ളിയെന്നായിരുന്നു ഇവരുടെ കുറ്റസമ്മതം. പരിശോധനയില്‍ സംഭവസ്ഥലത്തു നിന്ന് രക്തക്കറയും കണ്ടെത്തി.
ഇതോടെ ഡിവൈ.എസ്.പി ആര്.ശ്രീകുമാര്‍, വെസ്റ്റ് എസ്.ഐ എം.ജെ അരുണ്‍, അഗ്നിരക്ഷാസേനാ സ്റ്റേഷന് ഓഫീസര്‍ ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ കിണറ്റില്‍ പരിശോധന ആരംഭിച്ചു. രാവിലെ പത്തരയോടെ തിരച്ചില്‍ ആരംഭിച്ചെങ്കിലും രണ്ടു മണിയോടെയാണ് കിണറ്റിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. തുടര്‍ന്ന് മോട്ടോര്‍ ഉപയോഗിച്ച് കിണര്‍ വറ്റിച്ചു.
35 അടിയിലേറെ ആഴമുള്ള കിണറിനുള്ളില്‍ പലയിടത്തും മണ്ണിടിഞ്ഞിരുന്നതിനാല് ഇറങ്ങി തെരച്ചില്‍ നടത്താനുള്ള നീക്കം ഉപേക്ഷിച്ചു. രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹമോ മറ്റ് അവശിഷ്ടങ്ങളോ കണ്ടെത്താന്‍ സാധിച്ചില്ല. നാളെ രാവിലെ വീണ്ടും തിരച്ചില്‍ തുടരാനാണ് ആലോചന.