സ്ത്രീധന പീഡനത്തിന് ഇരയായ 24കാരി വിസ്മയ തൂങ്ങി മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. വിസ്മയ പോയ് മറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അവസാന പോസ്റ്റും നെഞ്ചുതകര്ക്കുകയാണ്.
കാറിനുള്ളില്‍ നിന്നെടുത്ത വിഡിയോയാണ് വിസ്മയ പേജില്‍ അവസാനമായി പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് കിരണ്‍കുമാറിനെ ഈ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ എസ്.വി.വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്യാണത്തിനു ശേഷം കാര്‍ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ ഉപദ്രവിച്ചതെന്നും വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍ പറയുന്നു. വായ്പയെടുത്താണു വാഹനം വാങ്ങിയത്. അതുകൊണ്ടാണു പണം ചോദിച്ചപ്പോള്‍ നല്കാന് കഴിയാതിരുന്നത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും പിതാവ് ആരോപിച്ചു.