ന്യൂഡല്‍ഹി: പവര്‍ ബങ്ക് പൊട്ടിത്തെറിച്ചതിന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്കാന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ഛണ്ഡിഗഡ് സെക്ടര്‍ 21 ലെ താമസക്കാരനായ അങ്കിത് മഹാജന്റെ പരാതിയിലാണ് ഉത്തരവ്.
പവര്‍ ബാങ്ക് ഉല്‍പ്പാദകരും ഡീലറും ഓണ്‍ലൈന്‍ വാണിജ്യ വെബ്സൈറ്റും ആണ് പണം നല്‍കേണ്ടത്. ഛണ്ഡിഗഡ് കണ്‍സ്യുമര്‍ ഫോറത്തിന്റേതാണ് വിധി
ആംബ്രെയ്ന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Ambrane India Pvt Ltd) നിര്‍മ്മിച്ച ആംബ്രെയ്ന്‍ പി 2000 എന്ന 20800 എംഎഎച്ചിന്റെ പവര്‍ ബാങ്കാണ് സ്നാപ്ഡീല്‍.കോം വഴി അങ്കിത് 1699 രൂപ മുതല്‍ മുടക്കി വാങ്ങിച്ചത്. ഈ പവര്‍ ബാങ്കിന്റെ യുഎസ്ബി പ്ലോട്ടില്‍ തകരാര്‍ കണ്ട് ഉല്‍പ്പന്നം മാറ്റി മറ്റൊന്ന് നല്‍കണമെന്ന് അങ്കിത് സ്നാപ്ഡീല്‍ വഴി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനി ഇത് വിസമ്മതിച്ചു.
2016 ആഗസ്റ്റ് 16 നാണ് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചത്. തന്റെ ഓഡി എ4 കാര്‍ പാര്‍ക് ചെയ്ത് അങ്കിത് ഓഫീസിലേക്ക് പോയപ്പോഴാണ് സംഭവം. കാറിന്റെ പുറകിലെ സീറ്റിലായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് സീറ്റ് കത്തിയെരിഞ്ഞു. കാറിന്റെ ഇന്റീരിയര്‍ ഭാഗികമായി നശിച്ചു. ഇത് പിന്നീട് പൂര്‍ണ്ണമായി മാറ്റേണ്ടി വന്നു.
ഇക്കാര്യം അറിയിച്ചിട്ടും പവര്‍ ബാങ്കിന്റെ നിര്‍മ്മാതാക്കളോ സ്നാപ്ഡീലോ യാതൊന്നും നല്‍കിയില്ല.
കാറിന് തകരാര്‍ പരിഹരിക്കാന്‍ 4.92 ലക്ഷം രൂപയാണ് ചിലവായത്. ഇതില്‍ 4.74 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി അടച്ചു. പക്ഷെ 18,340 രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവായതായി അദ്ദേഹം ഉപഭോക്തൃ കോടതിയില്‍ പറഞ്ഞു.
ഉച്ചയ്ക്ക് വെയിലത്ത് നിര്‍ത്തിയിട്ട കാറിനകത്ത് പവര്‍ ബാങ്ക് വച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന് ആംബ്രെയ്ന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫോറത്തില്‍ പറഞ്ഞു. തങ്ങള്‍ ഉല്‍പ്പാദകരോ വില്‍പ്പനക്കാരോ അല്ലെന്ന് സ്നാപ്ഡീല്‍ പറഞ്ഞു. പക്ഷെ രണ്ട് വാദവും ഫോറം തളളി. പവര്‍ബാങ്കിന് തകരാര്‍ ഉണ്ടായതിനാലാണ് പൊട്ടിത്തെറിച്ചതെന്ന് കോടതി പറഞ്ഞു.