പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേർ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തൃശൂർ സ്വദേശികളെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
തൃശൂർ വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂർ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്റഫ് (52) എന്നിവരെയാണ് പിടികൂടിയത്. നടിയിൽ നിന്ന് പ്രതികൾ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാൻ ആയിരുന്നു പദ്ധതി.
പ്രതി ഷംനയെ വിളിച്ചത് അൻവർ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അൻവർ ആയി അഭിനയിച്ചത്. ഇയാൾ രണ്ട് കുട്ടികളുടെ അച്ഛൻ ആണെന്ന് പൊലീസ് പറഞ്ഞു.
കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയിച്ചില്ല. മാന്യത നടിച്ചാണ് തട്ടിപ്പുകാർ ഇടപെട്ടതെന്ന് ഷംന പറയുന്നു. എന്നാൽ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. വീഡിയോ കോൾ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയത്.
അതേസമയം ഷംനയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച പ്രതികൾക്കെതിരെ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തി. രണ്ട് പെൺകുട്ടികളാണ് പ്രതികൾ വഞ്ചിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ജൂൺ മൂന്നിനാണ് പ്രതികൾ വീട്ടിലെത്തിയത്. കോഴിക്കോട് സ്വദേശികൾ എന്നാണ് വീട്ടുകാരോടും നടിയോടും പരിചയപ്പെടുത്തിയത്.
പറഞ്ഞ കാര്യങ്ങളിൽ അവ്യക്തതയും പന്തികേടും തോന്നിയപ്പോൾ അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചു. തന്ന വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ പിന്നീട് ഒരു ലക്ഷം രൂപ ചോദിച്ച് ഇവർ ഭീഷണിപ്പെടുത്തി. പണം തന്നില്ലെങ്കിൽ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
വിശ്വസനീയമായി തോന്നിയതിനാലാണ് വീട്ടിൽ വരുന്നത് എതിർക്കാഞ്ഞതെന്ന് ഷംനയുടെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂൺ മൂന്നിന് വരൻറെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി കുറച്ചുപേർ വീട്ടിൽ വന്നപ്പോൾ പെരുമാറ്റത്തിൽ പന്തികേട് തോന്നി. ഇവർ വീടിൻറെയും വാഹനങ്ങളുടെയും ഫോട്ടോയും വീഡിയോയുമെടുത്തതും സംശയമുണ്ടാക്കുകയായിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും ഷംനയുടെ അമ്മ ഇന്നലെ പറഞ്ഞിരുന്നു.
വീട്ടിലെത്തിയവരിൽ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വന്നവർ തങ്ങൾ കുടുംബത്തിൽ നിന്നാണെന്ന് അവകാശപ്പെട്ടു. വീട്ടിൽ വന്നവർ വീടിന്റെയും വാഹനത്തിൻറെയും ഫോട്ടോയെടുത്തുവെന്നും ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു. തെന്നിന്ത്യയിലെ മുൻനിര നായികയാണ് നർത്തകി കൂടിയായ ഷംന കാസിം. മരടിലെ നടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.