ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസൈൻ ഖാനും വിവാഹ മോചനത്തിന് ശേഷവും കുട്ടികൾക്കായി ഒന്നിച്ച് സമയം ചിലവഴിച്ചും യാത്രകൾ പോയും മാതൃകയാവുന്ന ദമ്പതികളണ് . കുട്ടികളുടെ സന്തോഷത്തിനും ആഗ്രഹത്തിനും വേണ്ടി ഇരുവരും ഒന്നിക്കുന്ന വിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുമുണ്ട്.
ഇപ്പോളിതാ കൊറോണാ കാലത്തും കുട്ടികൾക്കായി ഒരുമിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. ലോക്ഡൗൺ സമയത്ത് തനിക്കും മക്കൾക്കുമൊപ്പം താമസിക്കാൻ തയ്യാറായ സൂസേന് നന്ദി പറഞ്ഞുകൊണ്ട് ഹൃത്വിക് റോഷൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. സൂസേന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.
ഇത് പ്രിയപ്പെട്ട സൂസേന്റെ (എന്റെ മുൻ ഭാര്യ) ചിത്രമാണ്, താൽക്കാലികമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത് വഴി ഞങ്ങളുടെ കുട്ടികൾ ഒരാളിൽ നിന്നും അനിശ്ചിതമായി വിച്ഛേദിക്കപ്പെടുന്നില്ല. സഹ രക്ഷാകർത്വത്തിൽ വളരെയധികം പിന്തുണയും ധാരണയും നൽകുന്നതിൽ സൂസേന് നന്ദി. ഞങ്ങൾ അവർക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികൾ പറയുംഹൃത്വിക് റോഷൻ കുറിക്കുന്നു.
മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇത്തവണ എല്ലാവർക്കുമിതൊരു കണ്ണ് തുറപ്പിക്കലായിരിക്കുമെന്നാണ് കൊറോണവൈറസ് ബാധയെ കുറിച്ച് സുസേൻ ഖാൻ പോസ്റ്റിനു താഴെ കുറിച്ചത്. നിരവധി താരങ്ങളാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷം പങ്കിട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഏറ്റവും മഹത്തായ പ്രണയകഥകളിൽ ഒന്ന് നിങ്ങളുടേതാണ് എന്നാണ് റോഹിത് റോയ് കമന്റ് ചെയ്തിരിക്കുന്നത്. ടൈഗർ ഷ്റോഫ്, പ്രീതി സിന്റ, വരുൺ ധവാൻ, ദിയ മിർസ, സോണാലി ബേന്ദ്ര, തനിഷ മുഖർജി തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
2000 ൽ ആയിരുന്നു ഋത്വികിന്റെയും സൂസേൻ ഖാനിന്റെയും വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം.