പാനൂർ: വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പാനൂർ പൊലീസ് കേസെടുത്തു. പാലത്തായി യുപി സ്കൂൾ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക സംഘടനയായ എൻടിയുവിന്റെ ജില്ലാ നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജ (പപ്പൻ- 45) നെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.
വിദ്യാർഥിനിയുടെ ബന്ധുക്കളുടെ പരാതിയിലാണ് തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിർദേശത്തെതുടർന്ന് പാനൂർ സിഐ ടി പി ശ്രീജിത്ത് കേസെടുത്തത്. ചൈൽഡ് ലൈൻ പ്രവർത്തകരും പാനൂർ പൊലീസും വിദ്യാർഥിനിയുടെ മൊഴിയെടുത്തു.
കഴിഞ്ഞ ജനുവരി 15ന് സ്കൂളിൽവച്ചാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. പിന്നീട് മൂന്നു തവണ കുട്ടിയെ പീഡിപ്പിച്ചെന്നും മൊഴിയുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും അധ്യാപകൻ ഭീഷണിപ്പെടുത്തി.
വിദ്യാർഥിനി സ്കൂളിൽ പോകാൻ മടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ആന്തരികമായി പരിക്കുപറ്റിയെന്ന് കണ്ടെത്തി. മട്ടന്നൂർ മജിസ്ട്രേട്ട് വിദ്യാർഥിനിയുടെ മൊഴിയെടുത്തു.
പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും ഉടൻ അറസ്റ്റുചെയ്യുമെന്നും സിഐ ടിപി ശ്രീജിത്ത് പറഞ്ഞു. അധ്യാപകനെ സസ്പെൻഡുചെയ്തതതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. മുമ്പ് സമാനമായ പരാതി അധ്യാപകനെക്കുറിച്ചുണ്ടായപ്പോൾ മാനേജ്മെന്റ് ഒതുക്കിത്തീർത്തെന്ന് ആക്ഷേപമുണ്ട്.