ഭോപ്പാല്‍: കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്വയംതീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. പതിനാല് വയസ്സുകാരി പഠനത്തോടൊപ്പം ഒരു കാറ്ററിങ് യൂണിറ്റില്‍ ജോലിയും ചെയ്തിരുന്നു. ഈ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ മൂന്നുപേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും മൂന്നുമാസം മുമ്പ് നടന്ന ബലാത്സംഗത്തിന് ശേഷം മൂവരും വീണ്ടും ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലും പെണ്‍കുട്ടി പ്രതികളുടെ പേര് വ്യക്തമായി പറഞ്ഞിരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.