പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരിയായ മുസീബ മരയ്ക്കാര്‍ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ചിത്രം അടുത്തമാസം 26 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഹർജി.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്.
മോഹൻലാൽ കുഞ്ഞാലി മരക്കാർ നാലാമനായി എത്തുന്ന ചിത്രം ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു.
വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് നൂറ് കോടിക്കടുത്താണ്.