മസ്കറ്റ്: ‘ദയവുചെയ്ത് ഞങ്ങളെ വിശ്വസിക്കൂ, അതൊരിക്കലും പ്രശസ്തിക്ക് വേണ്ടി ആസൂത്രിതമായി ചെയ്തതലല്ല’ വൈറലായ ബര്‍ത്ത് ഡേ സര്‍പ്രൈസില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വീഡിയോയിലെ താരമായ ഭര്‍ത്താവ് റൊമാരിയോ ജോണ്‍. വിവാഹം കഴിഞ്ഞുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ജന്മദിനത്തിലാണ് ഭാര്യ മസ്കറ്റില്‍ എത്തി സര്‍പ്രൈസ് നല്‍കിയത്.
വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേര് ആശംസിച്ചും അഭിനന്ദിച്ചും രംഗത്ത് വന്നു. എന്നാല്‍ ഇതിനിടയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ആസൂത്രിതമായി ചെയ്തതാണെന്നും പ്രശസ്തിക്ക് വേണ്ടി തരംതാഴ്ന്ന പരിപാടിയായി പോയി തുടങ്ങി അനവധി വിമര്‍ശനങ്ങളാണ് എത്തിയത്. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ജോണ്‍ രംഗത്തെത്തിയത്.
സത്യം പറഞ്ഞാല്‍, വിസയും വിമാന ടിക്കറ്റുമെല്ലാം എടുത്തതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിക്കുമ്പോഴായിരുന്നു ആന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ജോണ്‍ വ്യക്തമാക്കി. ഈ മാസം 20ന് പുലര്‍ച്ചെ 1.30ന് റൊമാരിയോ താമസിക്കുന്ന ഒമാന്‍ ബൗഷാറിലെ താമസ സ്ഥലത്തായിരുന്നു മുപ്പതാം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. സുഹൃത്തുക്കളായ പ്രദീപ്, അജിന്, അന്‍സാര്‍, ഫൈസല്‍, റിജോ, ലിജോ, അരുണ്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു കേക്ക് വാങ്ങി ആഘോഷമൊരുക്കിയത്.
ഹാപ്പി ബര്‍ത് ഡേ പാടി കേക്ക് മുറിച്ച് തിരിഞ്ഞുനോക്കിയപ്പോഴാണ് ഭാര്യ പുഞ്ചിരിച്ച് എത്തിയത്. ഏറെ അപ്രതീക്ഷിതം തന്നെയായിരുന്നു ആ വരവ്. സംഭവത്തില്‍ അമ്പരന്ന് നില്ക്കുന്ന ജോണിനെയും നമുക്ക് ദൃശ്യങ്ങളില്‍ കാണാം. 2019 മേയ് ആറിനായിരുന്നു ഇടുക്കി തൊടുപുഴ വികെ ജോണ്സാലി ദമ്പതികളുടെ മകന് റൊമാരിയോ ജോണും കോഴിക്കോട് പേരാമ്പ്ര മുതുകാട് സ്വദേശി റെജിലിസി ദമ്പതികളുടെ മകള്‍ ആന്‍ മരിയയും തമ്മിലുള്ള വിവാഹം നടന്നത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കല്യാണം.