ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് ഉപയോഗിച്ചത് വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വണ്ടിപ്പെരിയാര്‍ മഞ്ഞുമല സിവദേശി ഷൈജുവാണ് ആത്മഹത്യ ചെയ്തത്. തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം ദിണ്ടുക്കല്‍ റോഡിലുള്ള മേരിമാതാ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഷൈജു. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ഹോസ്റ്റല്‍ ജീവനക്കാരന് കണ്ടെത്തുകയും അക്കാര്യം വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തതിനാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
തമിഴ്നാട് സ്വദേശികളായ ആല്വിന് ഫ്രാങ്കോ, സന്തോഷ്, രാജശേഖര്‍, ഡോമിനിക് എന്നിവരോടൊപ്പമാണ് ഹോസ്റ്റല്‍ മുറിയില്‍ ഷൈജു താമസിച്ചിരുന്നന്നത്. സംഭവദിവസം രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ വാര്‍ഡനായ അഭിമന്യു ഹോസ്റ്റലിലെ വരാന്തയിലൂടെ നടക്കുന്നതിനിടയില്‍ ഷൈജുവിന്റെ മുറിയില്‍ നിന്നും പുക പുറത്തേയ്ക്ക് വരുന്നത് കണ്ടു. തുടര്‍ന്ന് മുറി തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന മുറി തുറന്നപ്പോള്‍ വിദ്യാര്‍ത്ഥി സുഹൃത്തുക്കളുമൊത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടെത്തുകയായിരുന്നു. ഇവരുടെ മുറിയുടെ പരിശോധനയില്‍ 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാരന് പിറ്റേന്ന് രാവിലെ ആറ് മണിയോടെ വീട്ടില്‍ വിളിച്ച് പറയുകയും രക്ഷികര്ത്താക്കളോട് ഹോസ്റ്റലിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വീട്ടുകാരെ അറിയിച്ച കാര്യം അറിഞ്ഞ വിദ്യാര്‍ത്ഥി ആളൊഴിഞ്ഞ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ താഴെ ഇറക്കി പെരിയകുളം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോസ്റ്റല്‍ അധികൃതകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവദാനപ്പെട്ടി പോലീസെത്തി അന്വേഷണം ആരംഭിച്ചു.