കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴു വയസുകാരിയെ തട്ടികൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കൊല്ലം പോക്സോ കോടതയാണ് ശിക്ഷ വിധിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷാണ് പ്രതിയെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
2017 ആഗസ്റ്റ് 27നാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അമ്മൂമ്മയോടൊപ്പം ട്യൂഷന് ക്ലാസ്സിലേക്ക് പോയ ഏഴഉവയസുകാരിയെ പ്രതി കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അതേസമയം കുട്ടി വീട്ടില്‍ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍പിഎല്‍ എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയശേഷവും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരിശോധനയില്‍ കണ്ടെത്തി.
കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത് . കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. പ്രതിക്കെതിരെ ബലാത്സംഘം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.