ന്യൂഡല്‍ഹി: ബിജെപിയ്ക്ക് എതിരെയുള്ള എല്ലാ സഖ്യകക്ഷികളായ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നല്കി ബിജെപിയ്ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ബിഎസ്പി നോതാവ് മായാവതിയുടെ ആഹ്വാനം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കോണ്‍ഗ്രസും ബിജെപിയും പുറത്തിറക്കിയ പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്. മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വേകളിലും വഞ്ചിതരാകരുത്, ഏത് വിധേനയും അവര്‍ നിങ്ങളെ പാട്ടിലാക്കാന്‍ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവര്‍ പ്രയോഗിക്കും. എന്നാല്‍ അവരുടെ കപടവാഗ്ദാനങ്ങളില്‍ വീണു പോകരുതെന്ന് മായാവതി അണികളോട് പറഞ്ഞു.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് ബിജെപി ചെയ്യുന്നത്. മാത്രമല്ല അവരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം വെറും നാട്യങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നു. എന്നാല്‍ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന മേഖലയില്‍ നിന്ന് പ്രവര്‍ത്തിച്ചു തുടങ്ങാനാണ് ബിഎസ്പിയുടെ തീരുമാനമെന്നും മായാവതി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ എസ്പിബി-എസ്പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ മായാവതി നടത്തിയ പ്രസംഗം വിവാദത്തിലെത്തിയിരുന്നു. മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന മായാവതിയുടെ പ്രസ്താവനയാണ് പണിപറ്റിച്ചത്. പരാമര്‍ശം വിവാദമായതോടെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.