ശ്രീഹരിക്കോട്ട: ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ടുപിടിക്കാനുള്ള പ്രത്യേക ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. ഡിആര്‍ഡിഒയ്ക്ക് വേണ്ടിയുള്ള എമിസാറ്റിന്റെ വിക്ഷേപണമാണ് ഇന്ന് നടക്കുക. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങള്‍ കൂടി പിഎസ്എല്‍വി ഭ്രമണപഥത്തിലത്തിക്കും.
മിഷന് ശക്തിയെന്ന പേരില്‍ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വിജയത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നേട്ടം കൈവരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ശത്രുരാജ്യങ്ങളുടെ റഡാര്‍ നീക്കം മനസ്സിലാക്കലാണ് എമിസാറ്റിന്റെ ലക്ഷ്യം.
തിങ്കളാഴ്ച രാവിലെ 9.27ന് 29 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 45 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിക്കും. 436 കിലോ ഭാരമുള്ള എമിസാറ്റിനെ ഭൂമിയില്‍ നിന്ന് 749 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് പിഎസ്എല്‍വി സി 45 റോക്കറ്റ് എത്തിക്കുക.
ഇതിനുശേഷം അമേരിക്ക, സ്വിറ്റ്സര്‍ലാന്റ് , ലിത്വാനിയ, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളെ പിഎസ്എല്‍വി സി 45 ഭ്രമണപഥത്തിലെത്തിക്കും. 504 കലോമീറ്ററാണ് ഈ ഭ്രമണപഥത്തിലേക്ക് ഭൂമിയില്‍ നിന്നുള്ള ദൂരം. തുടര്‍ന്ന് മറ്റൊരു ഭ്രമണപഥത്തില്‍ അതായത് ഭൂമിയില്‍ നിന്ന് 485 കിലോമീറ്റര്‍ അകലെ റോക്കറ്റിന്റെ അവശേഷിച്ച ഭാഗം നിലയുറപ്പിക്കും.
ചുരുക്കത്തില്‍ ഒറ്റ വിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പിഎസ്എല്‍വി സി 45 വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ ഏറ്റെടുത്തിരിക്കുന്നത്.