വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കുന്നതിനായി ഫോര്‍വേഡ് മെസേജില്‍ രണ്ട് പുതിയ അപ്ഡേറ്റുകള് കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫ്രീക്വന്റ്ലി ഫോര്‍വേഡഡ്, ഫോര്‍വേഡിങ്ങ് ഇന്‍ഫോ എന്നിവയാണ് പുതിയ ഫീച്ചറുകള്‍.
ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് ലേബല്‍ സന്ദേശം അസാധാരണമായി പങ്കുവെക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ്. ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് ലേബല്‍ കാണുന്നത് ഒരാള്‍ നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായായിരിക്കും.
നമ്മള് അയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയുന്നതിനുള്ള സൗകര്യമാണ് ഫോര്‍വേഡിങ്ങ് ഇന്‍ഫോ. മെസേജ് ഇന്‍ഫോ സെക്ഷനില്‍ നിന്നും ഈ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇതിനായി സന്ദേശങ്ങളില്‍ ലോങ്ങ് പ്രസ് ചെയ്തതിന് ശേഷം മുകളിലായി തെളിയുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.
പുതിയ ഫീച്ചറുകള്‍ ഇപ്പോഴും നിര്‍മ്മാണ ഘട്ടത്തിലാണ്. വാട്സാപ്പിന്റെ 2.19.80 ആന്‍ഡ്രോയിഡ് അപ്ഡേറ്റിലാണ് ഈ രണ്ട് ഫീച്ചറുകളും പരീക്ഷിക്കുന്നത്.