ന്യൂഡല്‍ഹി; ഇന്ത്യയുടെ ആദ്യ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പിസി ഘോഷിനെ പ്രസിഡന്റ് രാം നാഥ് കോവില്ഡ് നിയമിച്ചു. ജസ്ററിസ് ദിലീപ് ബി ബോസ്ലെ, ജസ്റ്റിസ് പികെ മോഹന്തി, ജസ്റ്റിസ് അഭിലാഷ് കുമാരി, ജസ്റ്റിസ് എകെ ത്രിപാഠി എന്നിവരെ ജുഡീഷ്യല്‍ മെമ്പറായും നിയമിച്ചു.
ഇവരെ കൂടാതെ ദിനേശ് കുമാര്‍ ജെയ്ന്‍, അര്‍ച്ചന രാമസുന്ദരം, മഹേന്ദ്രര്‍ സിംഗ്, ഐപി ഗൗതം എന്നിവരെ നോണ്‍ ജുഡീഷ്യല്‍ മെമ്പറായുമായിട്ടും നിയമിച്ചു. മാര്‍ച്ച് 17ന് ചേര്‍ന്ന എട്ട് അംഗ ലോക്പാല്‍ സെലക്ഷന് സമിതിയാണ് ജസ്റ്റിസ് പിസി ഘോഷിനെ ലോക്പാല്‍ ചെയര്‍മാനായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന് സമിതിയില്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി എന്നിവര്‍ പങ്കെടുത്തു.
പിസി ഘോഷ് സുപ്രീം കോടതി ജഡ്ജി ആകുന്നതിന് മുമ്പ് കൊല്‍ക്കത്ത ആന്ധ്രപ്രദേശ് ഹൈകോടതികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പിസി ഘോഷ് നേതൃത്വം നല്കിയ ബെഞ്ച് ആണ്.
പൊതുസേവകര്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ചതാണ് ലോക്പാലും ലോകായുക്തയും, കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയുമായിരിക്കും അന്വേഷിക്കുക.