ഒട്ടാവ: കാനഡയില്‍ നിന്നുള്ള ഒരുസംഘം ഗവേഷകര്‍ മനുഷ്യശരീരത്തിലെ അര്‍ബുദ ബാധ കണ്ടെത്താനും രോഗം ബാധിച്ച കോശങ്ങളെ കൊല്ലാനും പുതിയ റോബോട്ടിക് ഉപകരണം കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനം മനുഷ്യന്റെ മുടിയെക്കാള്‍ കനം കുറഞ്ഞ കാന്തിക ഉപകരണമാണ്. ഇത് വളരെ ചെറുതും മുത്തിന്റെ ആകൃതിയിലുമുള്ള റോബോട്ടിനുള്ളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. ഈ റോബോട്ടിനെ അര്‍ബുദം ബാധിച്ച കോശത്തിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് സയന്‍സ് റോബോട്ടിക്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഈ കുഞ്ഞന്‍ റോബോട്ടിന്റെ രൂപം ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റാനാവും. 700 നാനോമീറ്ററാണ് ഇതിന്റെ വ്യാസം. കട്ടികുറഞ്ഞ ഗ്ലാസുകൊണ്ടു നിര്‍മ്മിച്ച കൂട്ടിനുള്ളിലാണ് ഇതിനെ സൂക്ഷിക്കുന്നത്. ഇതിനുചുറ്റിലും ആറ് കാന്തികചുരുളുകളും ഉണ്ടാകും.
മൈക്രോസ്കോപ്പിന്റെ സഹായത്തോടെയാണ് പരീക്ഷണം നടത്തുമ്പോള്‍ ഈ ഉപകരണത്തിന്റെ സ്ഥാനം ഗവേഷകര്‍ നിയന്ത്രിച്ചത്. കാന്തിക ചുരുളിലൂടെ വൈദ്യുതി കടത്തിവിട്ടും കാന്തികമണ്ഡലത്തില്‍ രൂപ മാറ്റം വരുത്തിയുമാണ് പരീക്ഷണം നടത്തിയത്. ഗവേഷണം നടത്തിയത് ആദ്യഘട്ടത്തിലും അവസാനഘട്ടത്തിലുമുള്ള മൂത്രാശയ അര്‍ബുദം ബാധിച്ച കോശങ്ങളിലായിരുന്നു.