ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ അകാരണമായി നിഷേധിച്ചതില്‍ പ്രതിഷേധവുമായി ജമ്മു കശ്മീരിലെ ദിനപത്രങ്ങള്‍. ഒന്നാം പേജ് ഒഴിച്ചിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് എതിരെ കാശ്മീരിലെ പ്രമുഖ പത്രങ്ങള്‍ പ്രതിഷേധിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നി ദിനപത്രങ്ങളുടെ പരസ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അകാരണമായി പിന്‍വലിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കാശ്മീര്‍ ഒബ്സര്‍വര്‍ , കാശ്മീര്‍ റീഡര്‍, ദി കാശ്മീര്‍ എന്നീ പത്രങ്ങളാണ് ഒന്നാം പേജ് ഒഴിച്ചിട്ടത്.
സര്‍ക്കാര്‍ പരസ്യങ്ങള്‍ പിന്‍വലിച്ച സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗില്‍ഡ് ഉള്‍പ്പെടെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ എഡിറ്റേറ്സ് ഗില്‍ഡ് രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ പ്രതിഷേധവുമായി പത്രങ്ങള്‍ വന്നിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങളുടെ സര്‍ക്കാര്‍ പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്.
പരസ്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ ഭരണത്തിലുള്ള കാശ്മീരില്‍ മാധ്യങ്ങളെ നിയന്ത്രിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നാണ് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആരോപിച്ചത്. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം. നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഒമര്‍ അബ്ദുള്ളയും വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടേഴ്സ് വിത്ത് ഔട്ട് ബോര്‍ഡറും (ആര്‍എസ്എഫ്) രംഗത്തെത്തി.