സംസ്ഥാന പുരസ്കാര മികവിന്റെ തിളക്കത്തില്‍ നില്ക്കുന്ന മജിക്കും കുമ്പളങ്ങിയിലെ സജിക്കും ശേഷം വിസ്മയിപ്പിക്കാനായി വീണ്ടും സൗബിന് ഷാഹിര്‍ എത്തുന്നു. ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുകയാണ് സൗബിന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഫഹദ് ഫാസില്‍ തന്റെ ഫേയ്സ് ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്. ചിത്രത്തില്‍ പുതുമുഖതാരം തന്വി റാം ആണ് നായികാ വേഷത്തിലെത്തുന്നത്. നസ്രിയ നസീമിന്റെ സഹോദരന് നവീന്‍ നസീം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി.
ഇ ഫോര്‍ എന്റര്ടൈന്മെന്റസിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് അമ്പിളി നിര്‍മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതം നല്‍കുന്നത്. ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ ഗപ്പിക്കും സംഗീതം നല്‍കിയത് വിഷ്ണു വിജയ് ആയിരുന്നു. ശരണ്‍ വേലായുധന് ഛായാഗ്രാഹണവും എഡിറ്റിംഗ് കിരണ്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. ജൂലൈയില്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.