ബൈജു രവീന്ദ്രന് കണക്കുകൂട്ടാനാകാത്ത ഉയരത്തിലേക്കു എത്തിയത് കുട്ടിക്കാലം മുതല്‍ കണക്കുകൂട്ടിയാണ്. ഇപ്പോള്‍ ബൈജൂസ് ആപ്പ് എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിന്റെ സ്ഥാപകമാണ് ബൈജു. ബൈജു രവീന്ദ്രന് എന്ന മുപ്പത്തിയെട്ടുകാരന് 28,000 കോടി മൂല്യമുള്ള കമ്പനിയുടെ മേധാവിയായത് കണക്കിലെ കുറുക്കുവഴികളിലൂടെയാണ്.
ഗണിതശാസ്ത്ര മല്‍സരങ്ങള്‍ക്കായി കുട്ടിക്കാലത്ത് കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രകളിലെല്ലാം ബൈജുവിന്റെ കണ്ണ് വഴിയിലെ വൈദ്യുതി പോസ്റ്റുകളിലായിരുന്നു. ഒരു പോസ്റ്റില്‍നിന്ന് രണ്ടാമത്തെ പോസ്റ്റിലേക്കെത്താന്‍ ട്രെയിന്‍ എത്ര സമയമെടുക്കുമെന്നും അങ്ങനെയെങ്കില്‍ മണിക്കൂറില്‍ ട്രെയിനിന്റെ വേഗമെത്രയെന്നും മനഃകണക്കു കൂട്ടുകയാകും അന്നത്തെ ബൈജു.
കണ്ണൂര്‍ അഴീക്കോട്ടെ വന്‍കുളത്തുവയല്‍ എന്ന ഗ്രാമത്തില്‍നിന്നാണ് ലോകമറിയുന്ന അധ്യാപകനും സ്റ്റാര്‍ട്ടപ്പ് സംരംഭകനുമായുള്ള ബൈജുവിന്റെ വളര്‍ച്ച. അതില്‍ കുറുക്കുവഴികളില്ല. കണക്കിനോടുള്ള ഇഷ്ടവും കഷ്ടപ്പാടും ഒരു കായികതാരത്തിന്റെ പോരാട്ട മനസ്സും ആണ് ബൈജുവിനെ ഇത്ര ഉയരത്തിലെത്തിച്ചത്. ഗ്രാമത്തിലെ ഹൈസ്കൂള്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച്, അതേ സ്കൂളില്‍ പഠിച്ച്, പാടത്തും പറമ്പിലും പന്തുതട്ടി നടന്ന ഒരു ഗ്രാമീണ ബാലന് ബിസിനസ് രംഗത്ത് എവിടംവരെ ഉയരാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബൈജു.