കോഴിക്കോട്: സ്വന്തമായി കിടപ്പാടമില്ലാതെ ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥലവും വീടുമൊരുക്കി കൊടുത്ത് അധ്യാപിക. തന്റെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും മറ്റു പതിനൊന്നു പേര്‍ക്കുമായി ഒരേക്കര്‍ വിട്ടു നല്കി കോഴിക്കോട് കല്ലാനോട് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ജയശ്രീയാണ് മാതൃകയായിരിക്കുന്നത്.
സ്വന്തം വിദ്യാര്‍ത്ഥികളായ മിഥുന് ജുബിക്കും മിനിമോള്‍ക്കും അമല്‍ രാജിനും ഭൂമി നല്‍കാനാണ് ആദ്യം തീരുമാനിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്ത് മെമ്പര്‍ ജയേഷുമായി സംസാരിച്ചപ്പോഴാണ് ഒരു തുണ്ടു ഭൂമിയില്ലാത്ത കുറച്ചുപേര്‍ക്കു കൂടി തുണയാകണമെന്ന് തോന്നിയത്. അങ്ങനെ ലിസ്റ്റില്‍ 14 പേരായി.
പഞ്ചായത്തിന്റെ സഹായത്തോടെ 14 ചെറു കൂരകള്‍ ഒരാഴ്ചയ്ക്കകം കെട്ടി കുടുംബങ്ങളെ അങ്ങോട്ടു മാറ്റും. സുമനസുകളുടെ സഹായത്തോടെ പിന്നീട് ടെറസ് വീടുകള്‍ വച്ചു നല്‍കും.
വാടക വീട്ടില്‍ ദാരിദ്ര്യത്തോട് മല്ലടിക്കുമ്പോഴും മിടുക്കനായി പഠിച്ച് എസ്എസ്എല്‍സിക്ക് മുഴുവന്‍ എ പ്ളസ് നേടിയ തന്റെ ക്ലാസിലെ മിഥുന് ജുബിക്ക് എന്തു സമ്മാനം നല്‍കുമെന്ന ചിന്തയില്‍ നിന്നാണ് ഭൂമിയെന്ന ആശയമുണ്ടാകുന്നത്. ഒപ്പം മിനിമോളും അമലും ഇടംപിടിച്ചു. ഇക്കാര്യം ടീച്ചര്‍ യുഎഇയില്‍ ഓര്‍ത്തോ സര്‍ജനായ ഭര്‍ത്താവ് ഡോ. വികെ മനോജുമായി സംസാരിച്ചപ്പോള്‍ പൂര്‍ണ സമ്മതം.
സ്വന്തമായുള്ള എട്ട് ഏക്കറില്‍ നിന്നാണ് ഒരേക്കര്‍ ഭൂമി വീടില്ലാത്തവര്‍ക്ക് ദാനം ചെയ്യുന്നത്. ബാക്കി ഏഴ് ഏക്കറും ബാങ്കില്‍ പണയപ്പെടുത്തി ലോണെടുത്താണ് ജയശ്രീയും മനോജും വീടുവച്ചത്. ഇവര്‍ക്ക് മൂന്നു മക്കളാണ്. മകന് ആഷിക് കുര്യന് സിവില്‍ എന്‍ജിനിയറിംഗ് കഴിഞ്ഞ് ദുബായില്‍ ജോലി ചെയ്യുന്നു. മൂത്ത മകള്‍ മന്യ എന്‍ഐടിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇളയ മകള്‍ ആര്‍ദ്ര റോസ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും.
പരമ്പരാഗതമായി സമ്പന്ന കുടുംബമൊന്നുമല്ല ഞങ്ങളുടേത്. അദ്ധ്വാനിച്ച് നേടിയ സമ്പത്തില്‍ കുറച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ടത് ഞങ്ങളുടെ കടമയാണ്. മനോജേട്ടന് യുഎഇയിലെ സുഹൃത്തുക്കളെ കൊണ്ട് കഴിയാവുന്നത്ര വീടുകള്‍ സ്പോണ്സര് ചെയ്യിക്കാന്‍ ശ്രമിക്കുമെന്നും ജയശ്രീ പറയുന്നു.