വെളിയങ്കോട്: സഹജീവികളെ സഹായിക്കാനുള്ള തീരുമാനത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളായ ഹാദിയ്ക്കും ഫാത്തിമ മിസ്ബയ്ക്കും നാടിന്റെ സ്നേഹസമ്മാനം. തിങ്കളാഴ്ച രാവിലെ സ്കൂള്‍ അസംബ്ലിയില്‍ ഇരുവരെയും അനുമോദിച്ചു, ഹാദിയക്ക് സൈക്കിളും ഫാത്തിമ മിസ്ബയ്ക്ക് സ്വര്‍ണ്ണ മോതിരവും സമ്മാനിച്ചു.
കേരളത്തിന്റെ പ്രളയക്കെടുതിയുടെ കാഴ്ചകള്‍ പത്രങ്ങളിലും ടെലിവിഷനിലും കണ്ട് മനമലിഞ്ഞാണ് തങ്ങളുടെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിലൂടെയാണ് ഈ കുരുന്ന് വിദ്യാര്‍ഥികള്‍ താരമായത്.
സൈക്കിള്‍ വാങ്ങിക്കാനായി കരുതിവെച്ച പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക ഫാത്തിമ ഹാദിയയും പെരുന്നാളിന് മണിമാലയും വളയും വാങ്ങിക്കാനായി ഒരുക്കൂട്ടിവെച്ച നാണയങ്ങള്‍ അടങ്ങിയ കുടുക്ക ഫാത്തിമ മിസ്ബയും സ്കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തില്‍ സംഭാവന നല്‍കിയിരുന്നു.
ഈ കുഞ്ഞു മനസ്സുകളുടെ നന്മയറിഞ്ഞ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ആറ്റുണ്ണി തങ്ങള്‍ കാരുണ്യത്തിന്റെ മാലാഖമാരായ ഫാത്തിമ ഹാദിയയ്ക്ക് സൈക്കിളും വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം കെകെ ബാദുഷ ഫാത്തിമ മിസ്ബയ്ക്ക് സ്വര്‍ണ്ണ മോതിരവും സ്നേഹ സമ്മാനമായി നല്‍കുകയും ചെയ്തു.
തിങ്കളാഴ്ച സ്കൂളില്‍ ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡ്ന്റ ഇന്‍ചാര്‍ജ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബബിത നൗഫല്‍, പഞ്ചായത്ത് അംഗം കെകെ ബാദുഷ, പ്രഥമാധ്യാപിക വിജെ ജെസ്സി, സ്കൂള്‍ വികസന സമിതി ചെയര്മാന് ഫാറൂഖ് വെളിയങ്കോട്, പിടിഎ പ്രസിഡന്റ് എംഎസ് മുസ്തഫ, വൈസ് പ്രസിഡന്റ് ഫൈസല്‍, ഫാത്തിമ, സിഎസ് അനീര്‍, ബിഎസ് മുഹമ്മദുണ്ണി, ആലുങ്ങല്‍ മുഹമ്മദ്, അധ്യാപകരായ കെബി സുനിത, സവിതാമണി, യമുന എന്നിവര്‍ പ്രസംഗിച്ചു.