അങ്കമാലി: ലോക്ക് ഡൗൺ ലംഘിച്ചതിന് അങ്കമാലി എംഎൽഎ റോജി എം ജോണിനെതിരെ കേസ്. സാമൂഹിക അകലം പാലിക്കാതെ കുട്ടികൾക്ക് മാസ്ക് വിതരണം ചെയ്തതിനാണ് കേസെടുത്തത്. റൂറൽ എസ്പിയുടെ നിർദേശത്തെ തുടർന്ന് കാലടി പൊലീസാണ് എംഎൽഎ റോജി എം ജോണിനെതിരെ കേസെടുത്തത്.
ബ്ലോക്ക് പഞ്ചായത്തംഗം ടിപി ജോർജടക്കം പ്രാദേശിക കോൺഗ്രസ് നേതാക്കളെയും ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് എംഎൽഎ മാസ്ക് വിതരണം ചെയ്യുന്ന വാർത്ത ചാനലുകളിൽ സംപ്രേഷണം ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസെടുക്കാൻ എറണാകുളം റൂറൽ പൊലീസ് നിർദേശം നൽകിയത്.
പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയതായിരുന്നു അങ്കമാലി എംഎൽഎ റോജി എം ജോൺ. അദ്ദേഹവും കുട്ടികൾക്ക് മാസ്ക വിതരണം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബ്ലോക്ക് പഞ്ചായത്തംഗവും, എംഎൽഎയും ഒപ്പം കണ്ടാലറിയാവുന്ന കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസെടുത്തത്. പരിപാടി സംഘടിപ്പിച്ച ടിപി ജോർജിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. കാലടി ഡിവിഷനിൽപ്പെട്ട 5 മുതൽ 12 വാർഡുകളിലെ കുട്ടികൾക്കു വേണ്ടിയാണ് കുട്ടിമാസ്ക് വിതരണം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ 60ഓളം കുട്ടികൾ പങ്കെടുത്തിരുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും എത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് കുട്ടികളെ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ ജനപ്രതിനിധികൾ തന്നെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.