കൊല്ലം : കൊല്ലത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തിയതായി പരാതി . ശാസ്താംകോട്ടയിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസൽ, ഷറഫുദീൻ, അഫ്സൽ എന്നിവരാണ് പിടിയിലായത് .
ശാസ്താംകോട്ടയിൽ പിറന്നാൾ ആഘോഷം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് . ആഘോഷം നിർത്തണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചെങ്കിലും വീട്ടുകാർ ഇത് അംഗീകരിക്കാം തയ്യാറായില്ല. പത്തനംതിട്ടയിൽ നിന്ന് അടക്കം എത്തിയവർ ആഘോഷത്തിലുണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ.
വിവരം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞതോടെ വീട്ടുകാർ ഗേറ്റ് പൂട്ടിയശേഷം പ്രവർത്തകരെ മർദിക്കുകയായിരുന്നു. ശാസ്താംകോട്ടയിൽ നിന്ന് പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്.