കൊവിഡ് 19 പശ്ചാത്തലത്തിൽ അമ്മ അംഗങ്ങൾക്ക് മാർഗ നിർദ്ദേശവും സഹായവും വാഗ്ദാനം ചെയ്ത് പ്രസിഡന്റ് മോഹൻലാൽ. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് സംഘടന സഹായമെത്തിക്കുമെന്ന് താരം അറിയിച്ചു.
ശബ്ദ സന്ദേശത്തിലൂടെയായിരുന്നു മോഹൻലാൽ അമ്മ അംഗങ്ങളെ തീരുമാനം അറിയിച്ചത്. അംഗങ്ങളുടെ വിശേഷങ്ങൾ തിരക്കുന്നതോടൊപ്പം സർക്കാർ നിയന്ത്രണങ്ങളിൽ സഹകരിക്കണമെന്നും മോഹൻലാൽ ശബ്ദ സന്ദേശത്തിൽ അവശ്യപ്പെട്ടു.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അംഗങ്ങൾ സ്വയം അറിയിക്കുന്ന പക്ഷം സാമ്പത്തികമായി സഹായിക്കാൻ സംഘടന തെയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ താരസംഘടന നൽകി വരുന്ന ‘കൈനീട്ടം പദ്ധതിക്ക് പുറമെയാണിത്. നിലവിൽ സംഘടനയിലെ 501 അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയും 138 പേർക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നൽകുന്നുണ്ട്.
നേരത്തെ ചിത്രീകരണം നിർത്തിവെച്ചതിനെ തുടർന്ന് വരുമാനം നിലച്ച ദിവസ വേതനക്കാരായ തൊഴിലാളികൾക്ക് 10 ലക്ഷം രൂപ ഫെഫ്ക്ക വഴി മോഹൻലാൽ നൽകിയിരുന്നു. നടി മഞ്ജു വാര്യർ 5 ലക്ഷം രുപയും ഫെഫ്ക്കയ്ക്ക് നൽകിയിരുന്നു.