എറണാകുളം: മഴക്കാലമായതോടെ എറണാകുളം ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ജില്ലയുടെ വിവിധ മേഖലകളിലായി എച്ച്1എന്‍1, ഡെങ്കി ഉള്‍പ്പെടെയുള്ള രേഗങ്ങളാണ് പടര്‍ന്ന് പിടിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് നിരവധി പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
എച്ച്1എന്‍1 ബാധിച്ച രണ്ട് പേരും ഡെങ്കിപ്പനി സ്ഥിരീകരിച്ച 30 പേരും എലിപ്പനിയുമായി രണ്ട് പേരും ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്കമാലി, ആലുവ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, കടവന്ത്ര, പെരുമ്പാവൂര്‍ തുടങ്ങി ജില്ലയിലെ ഇരുപതിലേറെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പനിബാധ.
അതേസമയം 108 പേര്‍ക്ക് ഡെങ്കിപ്പനിയും 15 പേര്‍ക്ക് എലിപ്പനിയുടെയും ലക്ഷണങ്ങള്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ ആറ് പേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
ജില്ലാ ആശുപത്രി ലാബിലും കൊച്ചി പബ്ലിക് ഹെല്‍ത്ത് ലാബിലും രക്തപരിശോധന നടത്തിയാണ് ഡെങ്കിപ്പനി നിലവില്‍ തിരിച്ചറിയുന്നത്. അങ്കമാലി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രികളില്‍ നിന്ന് നിരവധി പേരെയാണ് ആലുവജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നുണ്ട്. മൂവാറ്റുപ്പുഴ ജനറല്‍ ആശുപത്രിയില്‍ അറുപതിലേറം പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.