ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തതിന് അറസ്റ്റിലായ യുവമോര്‍ച്ച പ്രവര്‍ത്തക, ജയിലില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി രംഗത്ത്. ജയിലിനുള്ളില്‍ വളരെ മോശമായ പെരുമാറ്റമായിരുന്നു. ജയിലര്‍ തന്നെ പിടിച്ച് ഉന്തിയെന്നും ആരോടും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മ പറയുന്നത്.
ജയിലില്‍ കിടന്ന അഞ്ചുദിവസവും ആരോടും സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് പ്രിയങ്ക ആരോപിച്ചു. അഞ്ചുദിവസത്തിന് ശേഷം ജാമ്യം ലഭിച്ച പ്രിയങ്ക ഇന്ന് രാവിലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്ത് പ്രിയങ്ക ശര്‍മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്കിയ പരാതിയില്‍ പോലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തത്.
മമതയോട് മാപ്പ് പറയണമെന്ന ഉപാധിയോടെ സുപ്രീംകോടതി പ്രിയങ്കയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ മാപ്പ് പറയേണ്ടതില്ലെന്നുമാണ് പ്രിയങ്കയുടെ വാദം.