തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 3.1 കിലോ സ്വര്‍ണവുമായി മൂന്നുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടി, ചെന്നൈ സ്വദേശികളായ മൊയ്ദീന് നൈനാ മുഹമ്മദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
ഏകദേശം ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ശേഷം തിരികെ ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് മൂന്നുപേരും.
ആഭ്യന്തരയാത്രയായതിനാല്‍ ഇവരെ കസ്റ്റംസ് പരിശോധിക്കാറില്ല. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് തിരുവനന്തപുരത്തു വെച്ച് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ഇതേവിധത്തില്‍ കയറുന്ന കൂട്ടാളികള്‍ക്കാണ് ഇവര്‍ സ്വര്‍ണം കൈമാറുക.
250 ഗ്രാം വീതമുള്ള സ്വര്‍ണം കുഴല്‍ രൂപത്തിലാക്കിയ ശേഷം കറുത്ത കടലാസില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ വെച്ച കടത്താന്‍ ശ്രമിക്കുകയായിരുന്നു മൊയ്ദീന് നൈനാ മുഹമ്മദ് എന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 20 ലക്ഷം രൂപയ്ക്കുതാഴെ വിലയുള്ള സ്വര്‍ണമാണ് നൈനാ മുഹമ്മദ് കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ കേസെടുത്തു.
അറയില്‍ മമ്മൂട്ടിയുടെ പക്കല്‍നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 916 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണ ബിസ്ക്കറ്റുകളും ആഭരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. അബ്ദുള്‍ ഗഫൂറിന്റെ അടിവസ്ത്രത്തിനുള്ളില്‍ വെള്ളിപൂശിയ 1.7 കിലോ വരുന്ന ആഭരണങ്ങളാണ് ഒളിപ്പിച്ചിരുന്നത്. ഇവരെ കസ്റ്റംസ് അറസ്റ്റുചെയ്തു.