മരം കയറുന്ന ആടുകള്‍, വടക്കന്‍ ആഫ്രിക്കയിലെ മൊറോക്കോ എന്ന രാജ്യത്തുകൂടി സഞ്ചരിച്ചാലാണ് നമുക്ക് ഈ വിചിത്ര കാഴ്ച കാണാന്‍ കഴിയുക. അണ്ണാറക്കണ്ണന്മാരെ പോലെ വലിയ മരങ്ങളുടെ ശിഖരങ്ങളില്‍ കയറി നിന്നു സുഖമായി പഴങ്ങള്‍ ഭക്ഷിക്കുന്ന ആടുകള്‍. ആടുകളുടെ ഈ മരംകയറ്റം കൂട്ടമായാണ്.
ഇത്തരത്തില്‍ ആടുകള്‍ കൂട്ടമായി കയറുന്നത് അര്‍ഗന്‍ എന്നറിയപ്പെടുന്ന അര്‍ഗനിയാ സ്പിനോസ (Argania spinosa) എന്ന മരത്തിലാണ്. ഈ മരത്തിലെ പഴങ്ങള്‍ ആടുകള്‍ക്ക് ഏറെ ഇഷ്ടമാണ്. താഴെനിന്ന് എത്തിപ്പിടിച്ച് പഴങ്ങള്‍ കഴിച്ച് അതിന്റെ സ്വാദു പിടിച്ചാണ് പിന്നെ പഴങ്ങള്‍ തേടി അവ മരം കയറുന്നത്. എന്നാല്‍ ഈ പഴങ്ങള്‍ മനുഷ്യര്‍ ഭക്ഷിക്കാറുമില്ല. 30 അടി പൊക്കമുള്ള അര്‍ഗന്‍ മരങ്ങളില്‍ വരെ മൊറോക്കോയിലെ ആടുകള്‍ കയറും. അവയെ മരം കയറാന്‍ സഹായിക്കുന്നത് പിളര്‍ന്ന രീതിയിലുള്ള കുളമ്പുകളാണ്.
ഈ മരം കയറ്റത്തിലൂടെ ആടുകള്‍ രാജ്യത്തിലെ ഏറ്റവും വലിയ ഒരു വ്യവസായത്തെ തന്നെ സഹായിക്കുന്നുമുണ്ട്. അര്‍ഗന്‍ മരത്തിലെ പഴങ്ങളുടെ കുരുക്കളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന അര്‍ഗന്‍ ഓയിലിന് ലോകമൊട്ടാകെ ഏറെ ആവശ്യക്കാരാണുള്ളത്. ഈ എണ്ണ പാചകത്തിനും സൗന്ദര്യ വര്‍ധക വസ്തുക്കളിലും ധാരാളമായി ഉപയോഗിക്കാറുണ്ട്. മിക്ക കര്‍ഷകരും അര്‍ഗന്‍ ഓയില്‍ ഉണ്ടാക്കുന്നത് അര്‍ഗന്‍ പഴങ്ങളുടെ കുരുക്കള്‍ ആടുകളുടെ വിസര്‍ജ്യത്തില്‍ നിന്നും ശേഖരിച്ച് അവ കഴുകി ഉണക്കിയെടുത്താണ്.
ഈ അപൂര്‍വമായ കാഴ്ച കാണാനായി മാത്രം മൊറോക്കോയിലേക്കെത്തുന്ന സന്ദര്‍ശകരും കുറവല്ല. മൊറോക്കോയുടെ ടൂറിസം മേഖലയിലും ആടുകളുടെ മരംകയറ്റം സ്വാധീനം ചെലുത്തുന്നുണ്ട്.