ലോകത്തിന്റെ ശ്രദ്ധ കവര്‍ന്ന ഹാരി-മേഗന് രാജകീയ വിവാഹത്തിന്റെ അലയൊളികള് കെട്ടടങ്ങുന്നതിനു മുന്‍പേ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരി യുജ്ജീന്‍ രാജകുമാരിയും വിവാഹിതയായി. ആന്‍ഡ്രൂ രാജകുമാരന്റെയും സാറ രാജകുമാരിയുടെയും മകളാണ് യൂജിനി.
രാജകീയവിവാഹത്തിന് അണിനിരന്ന അതിഥികള്‍ ശ്രദ്ധിച്ചതൊക്കെയും യൂജിനിയുടെ വസ്ത്രധാരണത്തിലെ വ്യത്യസ്‍തതായിരുന്നു. ക്രിസ്തീയ വിവാഹങ്ങളില്‍ വധു ധരിച്ചു വരുന്ന ശിരോവസ്ത്രം ഒഴിവാക്കിയതും ഗൗണിന്റെ പിന്‍ഭാഗം ഏറെ ഇറക്കി വെട്ടിയതും വേഗം ശ്രദ്ധ പിടിച്ചുപറ്റി.
ഗ്ലാമറസായി ക്യാമറകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടിയായിരുന്നില്ല യുജ്ജീന്‍ രാജകുമാരി ഏറെ ഇറക്കി വെട്ടിയ ഗൗണ്‍ ധരിച്ചത്. പീറ്റര്‍ പിലോറ്റോയും ക്രിസ്റ്റര്‍ഫര്‍ ഡെവോസും ചേര്‍ന്ന് ഒരുക്കിയ ഗൗണിനു പിന്നില്‍ പുറംലോകം അറിയാത്ത ഒരു രഹസ്യം ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.
കഴുത്തിന്റെ പിന്‍വശം മുതല്‍ താഴോട്ട് നീണ്ടുകിടക്കുന്ന നീളന്‍ പാട് ഒറ്റ കാഴ്ചയില്‍ തന്നെ ദൃശ്യമാകുന്നതിനു വേണ്ടിയാണ് രാജകുമാരി കഴുത്ത് ഇറക്കി വെട്ടിയ ഗൗണ്‍ ധരിച്ചത്. റോയല്‍ നാഷണല്‍ ഓര്‍തോപീഡിക് ഹോസ്പിറ്റലിലെ സര്ജന്മാര്ക്കു വേണ്ടിയുള്ള ആദരവെന്നോണമാണ് യുജ്ജീന്‍ ആ മുറിപ്പാട് മായ്ക്കാതിരുന്നത്.
സ്കോളിയോയിസ് എന്ന രോഗം ബാധിച്ച് കുട്ടികള്‍ക്ക് ധൈര്യം നല്കുന്നതിനു വേണ്ടിയാണ് യുജ്ജീന്‍ ഇത്തരമൊരു വസ്ത്രം ധരിച്ചതും. നട്ടെല്ലിന് വളവ് വരുന്ന ഒരുതരം രോഗമാണ് സ്കോളിയോയിസ്. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗവസ്ഥ കൂടുതലായും കണ്ടുവരുന്നത്. രോഗം ബാധിക്കുന്ന കുട്ടികളില്‍ ആറില്‍ അഞ്ചുപേരും പെണ്‍കുട്ടികളാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
സര്‍ജറി സമയത്ത് തന്നെ സഹായിച്ച ഡോക്ടര്‍മാരെ ആദരിക്കുന്നതിനും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടികളെ സ്വാന്ത്വനിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കഴുത്ത് ഇറക്കിവെട്ടിയതെന്ന് യുജ്ജീന്‍ വെളിപ്പെടുത്തി. ആ പാടുകള്‍ മറച്ചു വെക്കേണ്ടവയല്ല. ഏറെ സ്പെഷ്യലാണ് യുജ്ജീന്‍ പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകനായ ജാക്ബ്രൂക്സ് ബാങ്കിനെയാണ് യുജ്ജീന്‍ വിവാഹം കഴിച്ചത്.