അബുദാബി: അബുദാബിയില്‍ പോലീസിനെ വട്ടം ചുറ്റിച്ച് പ്രവാസി. മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇയാളെ മയപ്പെടുത്തി താഴെയിറക്കിയത്.
30 വയസില്‍ താഴെ പ്രായമുള്ള ഏഷ്യക്കാരാനാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് വിദേശകാര്യ വിഭാഗം പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരി അറിയിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ പോലീസ്, സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ സ്ഥലത്തെത്തി.
ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇയാള്‍ എങ്ങനെ മുകളില്‍ കയറിയെന്ന് വ്യക്തമല്ല. യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വളരെ വേഗം തന്നെ താഴെയിറക്കാന്‍ കഴിഞ്ഞുവെന്നാണ് പോലീസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.