കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ചുമതല ആരോഗ്യമന്ത്രാലയം വിദേശ ഏജന്‍സിയെ ഏല്‍പ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എപിക് സിസ്റ്റംസ് കോര്പറേഷന് എന്ന ഏജന്‍സിയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ ആരോഗ്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവരും പുതുതായി നിയമിക്കപ്പെടുന്നവരും ആയ മുഴുവന്‍ വിദേശ ഡോക്ടര്‍മാരും ഇതോടെ ഏജന്‍സിയുടെ സഹായത്തോടെ യോഗ്യതയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടി വരും.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് ഡോക്ടര്‍മാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനായാണ് ആരോഗ്യമന്ത്രാലയം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കുന്നത്. ഏജന്‍സി ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വെരിഫിക്കേഷന് നടപടികള്‍ക്കായി ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല പകരം രജിസ്ട്രേഷന് ഫീസായി 125 ഡോളറും സാക്ഷ്യപ്പെടുത്തുന്ന ഒരു സര്‍ട്ടിഫിക്കറ്റിനും 80 ഡോളര്‍ വീതവും ഏജന്‍സിയില്‍ അടക്കേണ്ടിവരും.
പദ്ധതി നിലവില്‍ വരുന്നതോടെ ജോലിയിലുള്ള വിദേശി ഡോക്ടര്‍മാരും സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പുതുതായി നിയമിതരാകുന്നവരും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനക്ക് നല്‍കേണ്ടി വരും. ആരോഗ്യമന്ത്രാലയത്തിന്റെ നടപടിയെ കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന് സ്വാഗതം ചെയ്തു.