തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സംരംഭവുമായി കുടുംബശ്രീ രംഗത്ത്. മണിക്കൂറില്‍ ആയിരം കോഴിയെ ഇറച്ചിയാക്കി പായ്ക്കറ്റുകളിലാക്കുന്ന സംസ്കരണ ശാലയാണ് ഒരുക്കുന്നത്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായാണ് ഇവ നടത്തുന്നത്.
തികച്ചും യന്ത്രവത്കൃതമായ മൂന്ന് പൗള്‍ട്രി ഇറച്ചി സംസ്കരണശാലകളാണ് ഇതിന് വേണ്ടി ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പാലക്കാട് കോഴിക്കോട് ജില്ലകളിലാണ് യൂണിറ്റുകള്‍ ആരംഭിക്കുന്നത്. കുടുംബശ്രീ കോഴി കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച് ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ യൂണിറ്റുകള്‍ക്ക് വേണ്ടിയുള്ള യന്ത്രങ്ങള്‍ പൂര്‍ണ്ണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതാണ്. കുടുംബശ്രീ കേരള ചിക്കന്‍ എന്ന ബ്രാന്‍ഡില്‍ സെപ്റ്റംബറോടെയാണ് ഇവ വിപണിയിലെത്തുക. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത് സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ഏവിയന്‍ സയന്‍സും ആണ്.