കാളികാവ്: എട്ടു ദിവസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം മകന്റെ പരാതിയെത്തുടര്‍ന്ന് ഇന്ന് വീണ്ടും പുറത്തെടുത്തു പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് ശനിയാഴ്ച പുറത്തെടുത്ത് പരിശോധിക്കുക.
ആദ്യ ഭാര്യയിലെ മകന്റെ പരാതിയെ തുടര്‍ന്നാണ് പരിശോധന. 21ന് മരിച്ച മുഹമ്മദിന്റെ മൃതദേഹം മരുതയില്‍ അന്നുതന്നെ ഖബറടക്കിയിരുന്നു. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെയും പോലീസ് സര്‍ജന്റേയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കും.
ഭര്‍ത്താവ് മരിച്ച് മൂന്നുദിവസം കഴിയുമ്പോഴേക്ക് ഭാര്യ രണ്ട് മക്കളേയും കൂട്ടി കുടുംബ സുഹൃത്തിന്റെ കൂടെ നാടുവിട്ടതായി മകന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് മരിച്ചതിന്റെ തലേദിവസം കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലുണ്ടായിരുന്നതായി പറയുന്നുണ്ട്.
രാത്രി മുഹമ്മദും മറ്റൊരുസുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചു. കുഴഞ്ഞുവീണ മുഹമ്മദിനെ സുഹൃത്ത് മുറിയില്‍ കിടത്തി. ഇതേമുറിയില്‍ തന്നെയാണ് കുടുംബ സുഹൃത്ത് ഉണ്ടായിരുന്നത്. നേരം വെളുത്തതോടെ കുടുംബ സുഹൃത്ത് പെട്ടെന്ന് സ്ഥലംവിട്ടു. മുഹമ്മദ് ഉറക്കത്തില്‍നിന്ന് ഉണരാത്തതിനെത്തുടര്‍ന്ന് ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.
ഹൃദയാഘാതമാണ് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. സ്വാഭാവിക മരണമെന്ന നിലയില്‍ മരുതയില്നിന്ന് ബന്ധുക്കളെത്തി ഖബറടക്കം നടത്തി. ഭാര്യ കുടുംബസുഹൃത്തിന്റെ കൂടെ നാടുവിട്ടു എന്ന പരാതി ഉയര്‍ന്നതോടെയാണ് ബന്ധുക്കള്‍ക്ക് മരണത്തെക്കുറിച്ച് സംശയമുണ്ടായത്. മകന്റെ പരാതിയില്‍ കാളികാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.