തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ പപ്പടം വിറ്റ് കുടുംബം പുലര്‍ത്തുന്ന ‘പപ്പട അമ്മൂമ്മ’യെ സോഷ്യല്‍മീഡിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എണ്‍പത്തിയേഴുകാരിയായ വസുമതിയമ്മ ’25 പപ്പടം ഇരുപതു രൂപ എന്ന് തൊണ്ടപൊട്ടി വിളിച്ചിട്ടും ആരും വിളി കേള്‍ക്കാത്ത വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്.
എന്നാലിപ്പോള്‍ പേരും പ്രശസ്തിയുമൊന്നും വേണ്ടെന്ന് കരഞ്ഞപേക്ഷിക്കുകയാണ് പപ്പട അമ്മൂമ്മ. പപ്പട അമ്മൂമ്മയുടെ വാര്‍ത്ത വൈറലായതോടെ നിരവധി ആളുകള്‍ വസുമതിയമ്മയെ തേടിയെത്തി. ചിലര്‍ സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും സമൂഹമാധ്യമങ്ങളിലൂടെ ഇതു പങ്കുവയ്ക്കുകയും ചെയ്തു.
ഞാന്‍ ഏത് വിധേനയും ജോലി എടുത്ത് ജീവിക്കും, ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല. കോടീശ്വരിയായി, ലക്ഷപ്രഭുവായി എന്നൊക്കെ പറഞ്ഞ് ഉപദ്രവിക്കരുതേ എന്ന് അപേക്ഷിച്ചുകൊണ്ട് വസുമതിയമ്മ.
അതേസമയം, വസുമതിയമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തിയെന്നുള്ള വാര്‍ത്തയും ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. അതോടെ അമ്മൂമ്മയുടെ കഷ്ടപ്പാടും തുടങ്ങി. ”ഇപ്പോള്‍ പപ്പടം വില്ക്കാന് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വാര്‍ത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വില്‍ക്കുന്നത്? വീട്ടില്‍ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവര്‍ പോലും ചോദിക്കുന്നത്. കച്ചവടം വളരെ മോശമായി. ഇതുവരെ സഹായമായി ലഭിച്ചത് 6000 രൂപയും രണ്ട് കോടിമുണ്ടുമാണ്.”വസുമതിയമ്മ നിറകണ്ണുകളോടെ പറയുന്നു.
സഹായ വാഗ്ദാനം നല്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ശ്രദ്ധ നേടാനാണ് പലരും ശ്രമിച്ചത്. ഭക്ഷണം വാങ്ങി നല്കി അമൂമ്മയ്ക്കൊപ്പം ഫോട്ടോ എടുത്തവരുമുണ്ട്. ”സഹായിക്കാം എന്നു പറഞ്ഞ് കുറേപേര്‍ വന്നു. നല്ല മനുഷ്യരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ചിലര്‍ എനിക്കൊപ്പം നിന്നു ഫോട്ടോ എടുത്തു, പൂര്‍ണമായി ഏറ്റെടുക്കുകയാണെന്നും എന്റെ കയ്യിലെ പപ്പടം മുഴുവന്‍ വാങ്ങുന്നുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു, എന്നാല്‍ അവരുടെയൊന്നും പൊടി പോലും പിന്നെ കണ്ടിട്ടില്ലെന്നും അമ്മൂമ്മ പറയുന്നു.