തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
നാളെ ഇടുക്കിയിലും കണ്ണൂരും ഞായറാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ പരമാവധി 60 കിലോമിറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധുമാകാനും സാധ്യതയുണ്ട്. ഞായറാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര, ഒഡിഷ തീരത്തിനടുത്തായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.