കൊച്ചി: അശ്ലീലപുസ്തകം കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം പുസ്തകങ്ങള്‍ കൈവശമുണ്ടായിരുന്നെന്നതുകൊണ്ടു മാത്രം അശ്ലീല പുസ്തകങ്ങളുടെ വില്പന തടയല്‍ നിയമപ്രകാരം ശിക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അശ്ലീലപുസ്തകങ്ങള്‍ വില്പന നടത്തിയെന്ന കേസില്‍ കീഴ്ക്കോടതി ശിക്ഷിച്ച പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റഫീഖിനെ ഹൈക്കോടതി വെറുതെവിട്ടു. 2001 മേയ് രണ്ടിനാണ് ഇയാളുടെ കടയില്‍ റെയിഡ് നടത്തി പോലീസ് പുസ്തകങ്ങള്‍ പിടികൂടിയത്. ഇന്ത്യന്‍ ശിക്ഷാനിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയല്‍ നിയമം, യുവാക്കളെ വഴിതെറ്റിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ തടയല്‍ നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു. പേരാമ്പ്ര മജിസ്ട്രേട്ട് കോടതി പ്രതിക്ക് വിവിധ വകുപ്പുകളിലായി ഏഴുമാസത്തെ തടവുശിക്ഷയും ആയിരം രൂപ പിഴയും വിധിച്ചു.
ഇതിനെതിരെ കോഴിക്കോട് അഡീ. സെഷന്‍സ് കോടതിയില്‍ നല്കിയ ഹരജിയില്‍, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയല്‍ നിയമപ്രകാരമുള്ള കുറ്റം ഒഴിവാക്കി. പിന്നീടാണ് ഹര്ജിക്കാരന് ഹൈകോടതിയെ സമീപിച്ചത്. അശ്ലീലപുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ വില്ക്കുകയോ ചെയ്യാതെ കൈവശം വെച്ചുവെന്ന ഒറ്റക്കാരണത്താല്‍ പ്രതിക്കെതിരെ ഐപിസി-292 (1)(എ) പ്രകാരം കുറ്റംചുമത്താനാവില്ലെന്ന് കോടതി വിലയിരുത്തി. കടയിലുണ്ടായിരുന്ന ആളെന്ന് പറഞ്ഞാണ് ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്തത്.