കിളിമാനൂര്‍: കുന്നുമ്മേല്‍ റോഡില്‍ ഇസിഎച്ച്എസ് പോളി ക്ലിനിക്കിനു സമീപത്തെ താന്നിമൂട്ടില്‍ റബ്ബേഴ്സ് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ചത് 21 ടണ്‍ റബ്ബര്‍ ഷീറ്റ്. ഇന്നലെ പുലര്‍ച്ചെ 3 മണിക്കാണ് പുകപ്പുരയില്‍ തീ പടര്‍ന്നു കത്തുന്നത് തൊഴിലാളികള്‍ കണ്ടത്. ആറ്റിങ്ങല്‍, കടയ്ക്കല്‍, വെഞ്ഞാറമൂട്, ചെങ്കല്‍ചൂള, കാട്ടാക്കട എന്നിവിടങ്ങളില്‍ നിന്ന് എത്തിയ അഗ്നിശമന സേന മണിക്കൂറുകള്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വെളുപ്പിന് കത്തിയ തീ മണിക്കൂറോളമാണ് നീണ്ടു നിന്നത്. അഗ്നിശമന സേന ഉച്ചവരെ വെള്ളം ചീറ്റി തീ കെടുത്തി കൊണ്ടിരുന്നു. റബര്‍ഷീറ്റ് കത്തി തീരാതെ തീ കെടുത്താന്‍ സാധിക്കില്ലെന്നാണ് അഗ്നിശമന സേന പറഞ്ഞത്. ഒടുവില്‍ വൈകീട്ട് മണ്ണ് കോരിയിട്ടാണ് തീ കെടുത്തിയത്.
തീപിടുത്തത്തില്‍ 32 ലക്ഷം രൂപയുടെ ഷീറ്റും 70 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 4500 ചതുരശ്രയടി കെട്ടിടവും ആണ് കത്തിയമര്‍ന്നത്. പുകപ്പുരയില്‍ രാത്രി എട്ട് തൊഴിലാളികള്‍ ഉണ്ടായിരുന്നു. 4 മണിക്കൂര്‍ ഇടവിട്ട് ഇവര്‍ പുകപ്പുരയില്‍ തീ കത്തിക്കും. രാത്രി 11ന് ശേഷം വെളുപ്പിന് 3 മണിക്ക് തീ കത്തിക്കാന്‍ എഴുന്നേറ്റവരാണ് പുകപ്പുരയില്‍ തീ ആളി കത്തുന്നത് ആദ്യം കണ്ടത്.