കോവളം: പതിനഞ്ച് ലക്ഷത്തിന്റെ നിരോധിത പുകയില ഉല്പന്നങ്ങള് പോലീസ് പിടിച്ചെടുത്തു. കോവളം മുട്ടയ്ക്കാടു വലിയകുളത്തിന് സമീപം എസ്എസ് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ഫൈസലിന്റെ വീട്ടില്‍ നിന്നാണ് നിരോധിത പുകയില ഉല്പന്നങ്ങള് പോലീസ് പിടിച്ചെടുത്തത്. 75 ചാക്കുകളില്‍ നിറച്ചുവെച്ചിരുന്ന
പുകയില ഉല്പന്നങ്ങള് ജില്ലാ ആന്റി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് സംഘത്തിന്റെ സഹായത്തോടെയാണ് കോവളം പോലീസ് പിടിച്ചെടുത്തത്.
സംഭവത്തില്‍ ഫൈസലിന്റെ ഭാര്യ മെഹറുന്നിസ(45)യെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉല്പന്നങ്ങള് വീടിന്റെ മുറികളിലും കാറിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മൊത്ത വിതരണത്തിനായി സൂക്ഷിച്ചതാണിതെന്നാണ് പോലീസ് അറിയിച്ചത്.
ആഡംബര വീട് വാടകയ്ക്ക് എടുത്ത് ഫൈസലും ഭാര്യയും നിരോധിത പുകയില ഉല്പന്നങ്ങള് ശേഖരിച്ച് വന്‍തോതില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മൊത്ത വില്പന നടത്തി വരികയായിരുന്നു. തമിഴ്നാട്ടില്‍ നിന്നു മിനിലോറിയിലും കൂളിങ് പേപ്പര്‍ ഒട്ടിച്ചു മറച്ച കാറിലുമാണ് ഇവര്‍ പുകയില ഉല്പന്നങ്ങള് കടത്തിക്കൊണ്ടു വന്നിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലെ രണ്ടു മുറികള്‍ കൂടാതെ കാറില്‍ സൂക്ഷിച്ച 15 ചാക്കും ആണ് പോലീസ് കണ്ടെടുത്തത്. കാറും െപോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
റെയ്ഡ് നടക്കുന്ന സമയത്ത് ഫൈസല്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. ഇയാള്‍ 40 ചാക്ക് സാധനവുമായി കൊല്ലം ജില്ലയില്‍ വില്പനയ്ക്ക പോയിരിക്കുകയാണെന്നാണ് ഭാര്യ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഡോ.ദിവ്യ ഗോപിനാഥ് അറിയിച്ചു. നര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ ഷീന്‍ തറയിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കോവളം എസ്എച്ച്ഒ അനില്‍കുമാര്‍, എസ്ഐ അനീഷ്കുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ എസ്ഐ ഗോപകുമാര്‍, എഎസ്ഐ ബാബു, എസ്സിപിഒ മാരായ സജികുമാര്‍, ഷിബു, രജ്ഞിത്ത്, അരുണ്‍, നാജി ബഷീര്‍, ഷിബു, സരിത, രമ്യ എന്നിവരുള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.