ആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സമൂഹമാധ്യമത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍.
മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര് കുറുപ്പിനെയാണ് മാന്നാര്‍ സിഐ ജോസ് മാത്യു അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ് ശരത്ബാബു ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നില്ക്കുന്ന അയ്യപ്പഭക്തന്റെ നെഞ്ചില്‍ പോലീസുകാരന് ചവിട്ടുന്ന ചിത്രവും കഴുത്തിനു നേരെ അരിവാള്‍ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫേസ്ബുക്കില്‍ രാജേഷ് പ്രചരിപ്പിച്ചത്. മധു കൃഷ്ണ എന്ന സുഹൃത്ത് ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്ന വിശദീകരണത്തോടെയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്.
രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടില്‍ ശബരിമല തീര്‍ത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും. സംഭവം വിവാദമായതോടെ ഫേസ്ബുക്കില്‍ നിന്ന് രാജേഷ് ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിനായാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് വിവാദമായപ്പോള്‍ പിന്‍വലിക്കുകയായിരുന്നുവെന്നും രാജേഷ് പോലീസിനോട് പറഞ്ഞു.
രാജേഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു. കേരള പോലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.