തിരുവനന്തപുരം: മീ ടൂ ക്യാംപെയിനില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ആരോപണം ഉന്നയിച്ച മലയാളി വനിതാ മാധ്യമപ്രവര്‍ത്തക യാമിനി നായര്‍ക്ക് പിന്തുണയുമായി മാധ്യമരംഗത്തെ വനിതകളുടെ കൂട്ടായ്മയായ എന്‍ഡബ്ല്യുഎംഐ-കെ (Network of Women in Media India-Kerala).
കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ #മീ ടൂ ആരോപണം ഉന്നയിച്ച യാമിനിയുടെ ധൈര്യത്തിനൊപ്പമാണ് സംഘടനയെന്നും പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം, ആരോപണ വിധേയന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന യാമിനിയുടെ തീരുമാനത്തെയും ഞങ്ങള്‍ മാനിയ്ക്കുന്നുവെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
‘ആ പേര് വെളിപ്പെടുത്തണ’മെന്ന് ആര്‍ക്കും യാമിനിയെ നിര്‍ബന്ധിയ്ക്കാനാകില്ല. അത് അവരുടെ മാത്രം തീരുമാനമാണെന്നും വനിതാ കൂട്ടായ്മ വ്യക്തമാക്കി.
വാര്‍ത്താക്കുറിപ്പ്:
എന്‍ഡ്ബ്ല്യുഎംഐ-കെ (Network of Women in Media India-Kerala) എന്ന, മാധ്യമരംഗത്തെ വനിതകളുടെ കൂട്ടായ്മയുടെ കേരളാ ചാപ്റ്റര്‍, ഞങ്ങളുടെ അംഗങ്ങളിലൊരാളായ യാമിനി നായര്‍ക്ക് അസന്ദിഗ്ധമായ പിന്തുണ പ്രഖ്യാപിക്കുന്നു. നിലവില്‍ ദില്ലിയിലെ ഹിന്ദുസ്ഥാന്‍ ടൈംസിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററാണ് യാമിനി. കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ #മീറ്റൂ ആരോപണം ഉന്നയിച്ച യാമിനിയുടെ ധൈര്യത്തിനൊപ്പമാണ് NWMI-K.
പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം, ആരോപണവിധേയന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന യാമിനിയുടെ തീരുമാനത്തെയും ഞങ്ങള്‍ മാനിയ്ക്കുന്നു. ‘ആ പേര് വെളിപ്പെടുത്തണ’മെന്ന് ആര്‍ക്കും യാമിനിയെ നിര്‍ബന്ധിയ്ക്കാനാകില്ല. അത് അവരുടെ മാത്രം തീരുമാനവുമാണ്.
വിശാഖ മാര്‍ഗരേഖയും, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള 2013 ലെ നിയമവും അടിസ്ഥാനപ്പെടുത്തി, ആരോപണവിധേയനായ മാധ്യമപ്രവര്ത്തകന് ജോലി ചെയ്യുന്ന സ്ഥാപനം ഒരു പരാതിപരിഹാരസംവിധാനം ഉണ്ടാക്കിയാല്‍, പരാതി നല്കാന് തയ്യാറാണെന്ന് യാമിനി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാമതൊരാള്‍ വഴി, ആരോപണവിധേയന് ജോലി ചെയ്യുന്ന സ്ഥാപനം ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൗരവത്തോടെ തന്നെ യാമിനിയുടെ പരാതിയില്‍ സ്ഥാപനം നടപടികള്‍ കൈക്കൊള്ളുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
സമൂഹത്തിലെ അധികാരശ്രേണിയില്‍ ഉന്നതപദവി കൈയാളുന്ന ഈ മാധ്യമപ്രവര്‍ത്തകനെതിരെ മൂന്ന് പേരാണ് ലൈംഗികപീഡനപരാതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ വേട്ടക്കാരന്റെ പ്രകൃതമാണ് ഇദ്ദേഹത്തിനെന്ന് വ്യക്തമാണ്. തന്റെ കീഴില്‍ പരിശീലനത്തിനെത്തിയ, മാധ്യമവിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ഇദ്ദേഹം അതിക്രമം നടത്തിയിരിക്കുന്നത്. പീഡനത്തെ അതിജീവിച്ച, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പെണ്‍കുട്ടി, ഈ മോശം അനുഭവത്തിന് ശേഷം മാധ്യമപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചെന്നാണ് പറഞ്ഞത്. ഇതിനെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമായിത്തന്നെയാണ് NWMI-K കാണുന്നത്. ഇത്തരം വേട്ടക്കാരെ തുറന്നുകാട്ടാന്‍, അവര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്ന് NWMI-K പ്രഖ്യാപിക്കുന്നു.