കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ പുറത്താക്കണമെന്ന ആവശ്യവുമായി ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ രംഗത്ത്.
സഭയ്ക്കും സമൂഹത്തിനും യാതൊരു സേവനവും ചെയ്യാത്ത കുറവിലങ്ങാട് നാടുകുന്നിലെ മിഷനറീസ് ഓഫ് ജീസസിന്റെ മഠം പൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു. സഭാവിരുദ്ധ ശക്തികളുടെ താവളമായി മഠം മാറിയെന്നും അനധികൃതമായാണ് കന്യാസ്ത്രീകള്‍ ഇവിടെ താമസിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
‘കന്യാസ്ത്രീകള്‍ കത്തോലിക്കാ സഭയ്ക്കെതിരെ രണ്ടാംഘട്ട സമരത്തിനിറങ്ങിയാല്‍ മഠത്തില്‍ നിന്ന് ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഞങ്ങളും സമരം ആരംഭിക്കും’- ഫെഡറേഷന് പ്രസിഡന്റ് പിപി ജോസഫ് ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. തീവ്രവാദസംഘങ്ങളുടെ പിന്തുണ കന്യാസ്ത്രീകള്‍ക്ക് ലഭിച്ചതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വത്തിക്കാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അറസ്റ്റിന് ശേഷമുള്ള സാഹചര്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തി.
വത്തിക്കാനില്‍ നടക്കുന്ന സഭാ സിനഡിനിടെയാണ് ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍ വത്തിക്കാനിലെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍മാരുമായി ചര്‍ച്ച നടത്തിയത്. കര്‍ദിനാള്‍മാരായ മാര്‍ ആലഞ്ചേരി, മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ, ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ഇന്ത്യയിലെ കര്‍ദ്ദിനാള്‍മാര്‍ സഭ നേതൃത്വത്തെ അറിയിച്ചു.
ഇതിനിടെ, കന്യാസ്ത്രീമാര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രണ്ടാംഘട്ട സമരത്തിന് തയാറെടുക്കുകയാണ്. ‘സഭാ അധികൃതര്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ബിഷപ്പുമാരും രാഷ്ട്രീയ നേതാക്കളും പാലാ സബ് ജയിലിലെത്തിയത് ഗൂഢാലോചനയ്ക്ക് തെളിവാണ്’ – സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന് വട്ടോളി പറഞ്ഞു. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെയും ഫാ. വട്ടോളി വിമര്‍ശനം ഉന്നയിച്ചു. ‘പി.സി ജോര്‍ജിനെതിരെ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെ ഒപ്പുശേഖരണം നടത്തി ഇത് നിയമസഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. പോലീസിന് പരാതി കൈമാറും’- അദ്ദേഹം പറഞ്ഞു.