കൊച്ചി: ഫേസ്ബുക്കിലെ മദ്യപ്രേമികളുടെ കൂട്ടായ്മ ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ജിഎന്‍പിസിക്ക് ഗിന്നസ് റെക്കോര്‍ഡ്. ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ള കമന്റുകളുടെ എണ്ണത്തിലെ ലോക റെക്കോര്‍ഡാണ് ജിഎന്‍പിസി മറികടന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
രണ്ട് കോടിയോളം കമന്റുകള്‍ നേടിയാണ് പോസ്റ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. അതേസമയം ലോക റെക്കോര്‍ഡ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ രണ്ട്കോടി കമന്റു നേടിയ മറ്റൊരു ഫേസ്ബുക്കിലെ പേജിലെ പോസ്റ്റാണ് ഈ റെക്കോര്‍ഡ് കൈവശം വച്ചിരുന്നത്. ഇതോടെ ഫേസ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ പോസ്റ്റായി ഇത് മാറി.
ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ ജിഎന്‍പിസി മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം പേരിലെഴുതി. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ജിഎന്‍പിസി കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ജിഎന്‍പിസിയുടെ പേരിലാണ്. 21 ലക്ഷം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇവിടെ സജീവമാണ്.
സെപ്റ്റംബര്‍ 29ന് ഇട്ട് പോസ്റ്റ് 8 ദിവസം കൊണ്ടാണ് ലോക റെക്കോഡില്‍ എത്തിയത്. പോസ്റ്റിലേക്ക് കമന്റ് ആകര്‍ഷിക്കാന്‍ ട്രോളന്മാരും രംഗത്ത് ഉണ്ടായിരുന്നു. ഓരാള് പലതവണ കമന്റ് ചെയ്താണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ജിഎന്‍പിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും മുന്‍പ് നേരിട്ടിരുന്നു.