വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് സന്യാസ സമൂഹം. സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയ സ്വീകരിക്കുന്നത്. പലവിധ കാരണങ്ങളാല്‍ ഇവര്‍ അച്ചടക്ക നടപടികള്‍ നേരിട്ട് വരികയാണ്. 2003 ല്‍ തന്നെ സിസ്റ്ററിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബന്ധുവീട്ടിലേക്കെന്നു പറഞ്ഞാണ് സിസ്റ്റര്‍ സമരത്തിന് പോയത്. സന്ന്യാസ നിയമത്തിന്റെ ലംഘനമാണിത്. എന്നാല്‍ ഇതിന്റെ പേരില്‍ വിശദീകരണം ആവശ്യപ്പെടുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. പ്രതികാര നടപടി സ്വീകരിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കോണ്ഗ്രിഗേഷന് വ്യക്തമാക്കി.
അതേസമയം, സിസ്റ്റര്‍ ലൂസി കളപ്പുരയെ അധ്യാപനം, കുര്‍ബാന അര്‍പ്പിക്കല്‍ എന്നിവയില്‍നിന്നും മാറ്റിനിര്‍ത്തിയത് ഇടവകയിലുള്ളവരുടെ ആവശ്യപ്രകാരമെന്ന് കാരക്കാട് പളളി വികാരി ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍ വ്യക്തമാക്കി. മാനന്തവാടി രൂപത കന്യാസ്ത്രീക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഫാ.സ്റ്റീഫന്‍ വ്യക്തമാക്കി.
എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുര കാരക്കാട് മഠത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.