ഇടുക്കി: ഇടുക്കിയുടെ മണ്ണിലെ ഔഷധ ഗുണമുള്ള ആയുര്‍വേദ ചെടികള്‍ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ജപ്പാനില്‍ നിന്നുളള ശാസ്ത്രജ്ഞര്‍ എത്തി. മലനിരകളില്‍ വളരുന്ന കാട്ടുചെടികളെ കുറിച്ച് പഠനം നടത്തുന്നതിനാണ് പതിനഞ്ചു പേരടങ്ങുന്ന സംഘം മൂന്നാറിലെത്തിയത്. ചെടികളില്‍ നിന്നും മനുഷ്യന് ആവശ്യമായ മരുന്നുകളും മറ്റും കണ്ടെത്തുന്നതിനും സംഘം ശ്രമിക്കുന്നുണ്ട്
വ്യാഴായ്ചയെത്തിയ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരോടും പരിസ്ഥിതി പ്രവര്‍ത്തകരോടും ചെടികളെയും പൂക്കളെയും സംബന്ധിച്ചുളള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതോടൊപ്പം ഇരവികുളം, വട്ടവട, ടോപ് സ്റ്റേഷന്, എല്ലപ്പെട്ടി, എന്നീ സ്ഥലങ്ങളിലും അതിന്റെ സമീപ പ്രദേശങ്ങളിലെ ചോലവനങ്ങളും സന്ദര്‍ശിച്ച് കാട്ടുചെടികളെയും പൂക്കളെയും കുറിച്ച് പഠനം നടത്തി. ഇതിന്റയൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മൂന്നാര്‍ മലനിരകളില്‍ 20 തരം നീലക്കുറിഞ്ഞികള്‍ കണ്ടെത്തിയതായി സംഘത്തലവന് സറ്റോകോ മാറ്റ്സുമാട്ടോ പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ കാട്ടു പൂക്കളില്‍ ഏറ്റവും മനോഹരം നീലക്കുറിഞ്ഞിയാണെന്നും ജില്ലയുടെ ആര്‍ച്ച് ഡാം സ്ഥിതിചെയ്യുന്ന ഇടുക്കി ജലാശയത്തിന് സമീപത്ത് ഇത്തരം അപൂര്‍വ്വമായ ചെടികള്‍ വളരുന്നതായും സംഘം അഭിപ്രായപ്പെടുന്നു. ജില്ലയില്‍ ഉടനീളം ചുറ്റിനടന്ന് മലനിരകള്‍ സന്ദര്‍ശിച്ച് കാട്ടുച്ചെടികള്‍ കണ്ടെത്തി പരിശോധന നടത്തുമെന്നും സംഘം കൂട്ടിച്ചേര്‍ത്തു.