തിരുവനന്തപുരം: മേജര്‍ പദവി അഭിമാനത്തോടെയാണ് കൊണ്ടുനടക്കുന്നത്. മരണം വരെ അത് കാത്തുസൂക്ഷിക്കുമെന്ന് സിനിമാ സംവിധായകനും പട്ടാളക്കാരനുമായ മേജര്‍ രവി. മേജര്‍ പദവി കാശ്കൊടുത്തതു വാങ്ങിയതല്ലെന്നും അഞ്ചരക്കൊല്ലം ട്രയിന്‍ ചെയ്തിട്ടാണ് താന്‍ പട്ടാളക്കാരനായതെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കുമ്പോഴും ഇനി മരിച്ചു കഴിഞ്ഞാലും ഞാന്‍ പട്ടാളക്കാരനാണ്. മദ്യപിക്കാറില്ല. എന്റെ പദവിക്ക് കളങ്കം വരുത്തുന്ന പ്രവൃത്തികള്‍ ചെയ്യാറില്ല. ഇനി ചെയ്യുകയുമില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് കുറ്റപ്പെടുത്തുന്ന അവസരത്തില്‍ സ്വയം എന്ത് ചെയ്തു എന്ന് ആലോചിക്കണം. ചുരുങ്ങിയത് നമ്മുടെ അയല്ക്കാരന് ദുരിതത്തിലാകുന്ന അവസരത്തില്‍ അയാളെ സഹായിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം. അങ്ങനെയാണ് നാടിനോട് സ്നേഹം കാണിക്കേണ്ടത് എന്നും മേജര്‍ രവി പറഞ്ഞു.
പ്രളയം ഉണ്ടായ സമയത്ത് ആലുവയിലെ പല ഭാഗങ്ങളിലെയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു പട്ടാമ്പിക്കാരനായ മേജര്‍ രവി. പ്രളയത്തെപ്പറ്റി മേജര്‍ രവി പറയുന്നതിങ്ങനെ മനുഷ്യന് ഉണ്ടാക്കിയ എല്ലാ വേലിക്കെട്ടുകളും പ്രളയത്തില്‍ തകര്‍ന്നു. അമ്പലവും പള്ളിയും എല്ലാം ഒന്നായി. മദ്രസയിലാണ് ഞങ്ങള്‍ കുറേപ്പേര് കിടന്നുറങ്ങിയത് മനുഷ്യന് നന്നാകാന്‍ ദൈവം ഉണ്ടാക്കി കൊടുത്ത ഒരു അവസരമായിരുന്നു അത്. ചുറ്റുമുള്ളവര്‍ ദുരിതത്തിലായത് കണ്ടപ്പോള്‍ സുരക്ഷിത സ്ഥാനത്ത് ഇരിക്കാന്‍ തോന്നിയില്ല. അതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി തിരിക്കാനുള്ള കാരണം. വെള്ളത്തിലിറങ്ങിയ അവസരത്തില്‍ മസിലില്‍ വേദന ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ വേദനയൊക്കെ എവിടെയോ പോയി.
മേജര്‍ എം കെ രവീന്ദ്രന് എന്ന മജര്‍ രവി കീര്‍ത്തിചക്ര, കാണ്ഡഹാര്‍, മിഷന് 90 ഡെയ്സ് തുടങ്ങിയ സിനിമകളുടെ, സംവിധായകനാണ്.