മണ്ണാര്‍ക്കാട്: പ്രളയം സംസ്ഥാനത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ബാക്കിയാക്കിയപ്പോഴും പാലക്കാട്ടുകാര്‍ക്ക് കുന്തിപ്പുഴ നല്‍കിയത് കണ്ണിന് കുളിരേകുന്ന കാഴ്ചയാണ്. സ്വന്തമായി ഒരു ബീച്ച് ഇല്ലെന്ന പരാതി ഇനി പാലക്കാടുകാര്‍ പറയില്ല കാരണം, മറ്റു ബീച്ചുകളേക്കാള്‍ മനോഹരമായ ഒരു കിടിലന്‍ ബീച്ചാണ് ആഗസ്ത് മാസത്തിലെ പ്രളയം സമ്മാനിച്ചത്.
കുന്തിപ്പുഴയില്‍ തത്തേങ്ങലത്ത് വെള്ളമണല്‍ നിറഞ്ഞും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞും വിശാലമായ അതിമനോഹരമായ മണല്‍ത്തീരം രൂപപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ വ്യത്യസ്ത വര്‍ണങ്ങളിലും വലിപ്പത്തിലുമായി ധാരാളം ഉരുളന്‍ കല്ലുകളും സ്ഥാനം പിടിച്ചിരിക്കുന്നു. പ്രകൃതിയൊരുക്കിയ ഈ വിസ്മയക്കാഴ്ച കാണാന്‍ സന്ദര്‍ശകരുടെ ഒഴുക്കാണ്. പുഴയിലെ മാലിന്യങ്ങള്‍ എല്ലാം ഒലിച്ച് പോയി പുഴ ശുദ്ധമായി പ്രകൃതി തന്നത് മനുഷ്യന് നശിപ്പിക്കാതിരിക്കാന്‍ ജാഗ്രതാ സമിതി രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാര്‍.
ഈ പുതിയ ബീച്ചിലേക്ക് അബ്ദുല്‍ മുസ്സാവിര്‍ എന്ന സഞ്ചാരി നടത്തിയ യാത്രാ വിവരണം:
ഫേസ്ബുക്കില്‍ സ്ക്രോള്‍ ചെയ്യുന്നതിനിടയില്‍ ആണ് ഒരു വീഡിയോ കണ്ണിലുടക്കിയത് മണ്ണാര്‍കാട്ടെ ബീച്ചിനെ കുറിച്ചുള്ള ഒരു വീഡിയോ. കൗതുകം ലേശം കൂടുതലായൊണ്ട് പിറ്റേന്ന് തന്നെ മണ്ണാര്‍ക്കാട് ലക്ഷ്യമാക്കി ബൈക്കിന്റെ കിക്കറിന് ഒരു ചവിട്ടു കൊടുത്തു. മണ്ണാര്കാടില്നിന്നും വഴി ചോദിച്ചു ചോദിച്ചു കൈതച്ചിറ വഴി ഏകദേശം 5 -KM സഞ്ചരിച്ചു തത്തേങ്ങലം എന്ന സ്ഥലത്തു എത്തി. അവിടെ നിന്നും ബീച്ചിലേക്കുള്ള വഴി ചോദിക്കുന്നതിനുമുമ്പു തന്നെ നാട്ടുകാര്‍ വഴി കാണിച്ചു തരും. നാശം വിതച്ച പ്രളയത്തിന് ശേഷം രൂപം കൊണ്ട ഈ ബീച്ചിനു എന്ത് പേരിടണമെന്ന തര്‍ക്കത്തിലാണ് നാട്ടുകാര്‍…. പാണ്ടി ബീച്ച് എന്നാകാമെന്നും അതല്ല തത്തേങ്ങലം ബീച്ച് തന്നെ മതിയെന്നും ഒരു പക്ഷം. ഇതിനിടക്ക് ‘സൈരന്ധ്രി ബീച്ച്’ എന്നെഴുതിയ ഒരു ബോര്‍ഡും റോഡു വക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നട്ടുച്ചനേരം ഒരു മണിക്കാണ് ഞങ്ങള്‍ എത്തിയത്. സൂര്യേട്ടന് തലക്കുമുകളില്‍ വെട്ടിത്തിളങ്ങിനില്കുന്നു. ഈ നേരത്തും ഞങ്ങളെ കൂടാതെ ആരെങ്കിലും ബീച്ചില്‍ ഉണ്ടാകുമോ എന്ന സംശയത്തിലായിരുന്നു ഞങ്ങള്‍. മുന്നോട്ടു നീങ്ങുംതോറും പാതക്കിരുവശത്തുമുള്ള വീടുകള്‍ക്കുമുമ്പില്‍ സര്‍ബത്തും ഉപ്പിലിട്ടതുമൊക്കെയായി ധാരാളം പേര് ബീച്ചിലേക്ക് വരുന്നവരെ സ്വീകരിച്ചാനയിച്ചു ഇരുത്തി കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഇന്നലെ വരെ അധികമാരും എത്തിപ്പെടാത്ത തത്തേങ്ങലം ഗ്രാമം ഇന്ന് ഈ കൊച്ചു ബീച്ചിലേക്ക് വരുന്ന ജനങ്ങളെ കൊണ്ട് തിരക്ക് പിടിച്ചിരിക്കുന്നു.
വെറുമൊരു നീര്‍ച്ചാലായി ഒഴുകിയിരുന്ന കുന്തിപ്പുഴ, ആര്ത്തലിച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ തന്റെ അവകാശം തിരിച്ചെടുത്തതിന്റെ ബാക്കിപത്രമെന്നോണം പുതിയ പാത വെട്ടിപിടിച്ചിരിക്കുന്നതു കാണാം. വെള്ളമിറങ്ങിയതോടെ പുഴയുടെ മറുഭാഗത്തേക്ക് ഒഴുക്കിന്റെ ഗതി മാറിവരികയും പഴയ സ്ഥലത്തു ബീച്ചിലേതു പോലെ തന്നെ വിശാലമായ അതിമനോഹരമായ മണല്‍ത്തീരം രൂപപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ വിത്യസ്ത വര്‍ണങ്ങളിലും വലിപ്പത്തിലുമായി ധാരാളം ഉരുളന്‍ കല്ലുകളും സ്ഥാനം പിടിച്ചിരിക്കുന്നു. ഈ നട്ടുച്ചനേരത്തും വെയിലിനെ വക വെക്കാതെ ധാരാളം പേര് ബീച്ചില്‍ പ്രകൃതി ഭംഗി ആസ്വദിച്ചു നില്കുന്നു. കുറച്ചാളുകള്‍ വെള്ളത്തിലേക്കിറങ്ങി ആവേശപൂര്‍വം നീരാടുന്നുണ്ട്. അങ്ങിങ്ങായി കുറച്ചുപേര്‍ കല്ലുകള്‍ ഒന്നിനു പിറകെ ഒന്നായി മുകളില്‍ വെച്ച് പിരമിഡ് ഉണ്ടാകുന്ന ശ്രമത്തിലാണ്. ബീച്ചിലും ധാരാളം കച്ചവടക്കാര്‍ ഉണ്ട്. എല്ലാം കൂടെ വളരെ സജീവമാണ് ഈ കൊച്ചു തീരം.
കുറച്ചകലെ നിശ്ശബ്ദതയുടെ താഴ്വരയില് നിന്നുള്ള തെളിമയാര്‍ന്ന ഉറവ ഒഴുകി വരുന്നു. ചിലരൊക്കെയും കൈകുമ്പിളില്‍ തെളിനീരെടുത്തു ദാഹം ശമിപ്പിക്കുന്നുണ്ട്. കൂടെ ഞങ്ങളും മതിവരുവോളം കുടിച്ചു. കുറച്ചുനേരത്തെ ഫോട്ടോ പിടിത്തത്തിനു ശേഷം മുട്ടിനൊപ്പം വെള്ളത്തില്‍ ഞങ്ങള്‍ കുറച്ചുദൂരം മുന്നോട്ടു നീങ്ങി. ആ താഴ്വരയെ സാക്ഷിയാക്കി തെളിനീര് വെള്ളത്തില്‍ മനസ് നിറയുവോളം മുങ്ങിക്കുളിച്ചു. ഞങ്ങള്‍ തിരികെ കയറിയപ്പോയേക്കും വെകുന്നേരമായിരുന്നു. അങ്ങനെ ഒരു ദിവസം മനോഹരമായി ചിലവഴിച്ചു എന്ന വിശ്വാസത്തോടെ തിരികെ നാട്ടിലേക്ക് തിരിച്ചു. ഒരിക്കല്‍ ഈ പുഴക്ക് നഷ്ടപ്പെട്ട സൗന്ദര്യം പ്രകൃതി തിരികെ നല്കിയിരിക്കുന്നു. ഇനിയിതില്‍ നിന്നും ഒരു തരിമ്പു പോലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട കടമ ഇവിടേക്കുവരുന്ന നാമോരോത്തര്ക്കും ആണ്. ഈ തീരം ഇങ്ങനെ എത്രനാള്‍ കൂടി ഉണ്ടാകും ….? ഒരുപക്ഷെ അടുത്ത മഴക്കാലം വരെ ?